അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാൻ മദ്യത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തി യോഗി സർക്കാർ

By Web TeamFirst Published Jan 19, 2019, 2:15 PM IST
Highlights

ഇത്തരത്തിൽ മുൻപ് രാജസ്ഥാനിലും മദ്യത്തിന് 20 ശതമാനം നികുതി വർദ്ധിപ്പിച്ചിരുന്നു. പശുക്കളുടെ സംരക്ഷണത്തിനു വേണ്ടിയായിരുന്നു രാജസ്ഥാനും മദ്യത്തിന് നികുതി വർദ്ധിപ്പിച്ചത്. 

ലക്നൗ: ഉത്തർപ്രദേശിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കൾക്ക് സംരക്ഷണം ഉറപ്പാക്കാൻ മദ്യത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തി യോഗി ആദിത്യനാഥ് സർക്കാർ. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനും ബീയറിനുമാണ് പ്രത്യേക നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഗോ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യംവെക്കുന്നത്. 

വെള്ളിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എക്സൈസിൽ പ്രത്യേക നികുതി ചുമത്തുന്നതിലൂടെ പ്രതിവർഷം 155 കോടി രൂപയുടെ അധികവരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കുമെന്ന് യു പി സർക്കാർ വക്താവും മന്ത്രിയുമായ ശ്രീകാന്ത് ശർമ്മ പറഞ്ഞു. നികുതി വർദ്ധനവിന്റെ ഭാഗമായി 50 പൈസ മുതൽ രണ്ട് രൂപ വരെ ആയിരിക്കും ഓരോ ബോട്ടിൽ മദ്യത്തിനും വർദ്ധിപ്പിക്കുക.

ഇത്തരത്തിൽ മുൻപ് രാജസ്ഥാനിലും മദ്യത്തിന് 20 ശതമാനം നികുതി വർദ്ധിപ്പിച്ചിരുന്നു. പശുക്കളുടെ സംരക്ഷണത്തിനു വേണ്ടിയായിരുന്നു രാജസ്ഥാനും മദ്യത്തിന് നികുതി വർദ്ധിപ്പിച്ചത്. 

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാനായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് 160 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറയിച്ചിരുന്നു. 16 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ഓരോന്നിനും 10 കോടി രൂപ വീതമാണ് സംസ്ഥാന ഖജനാവില്‍ നിന്ന് അനുവദിച്ചിരുന്നത്. ഓരോ ജില്ലാ പഞ്ചായത്തിനും കീഴില്‍ 750 പശു സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

click me!