
സമാര: അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇതുവരെ കേട്ട പഴികള്‍ക്കെല്ലാം പ്രായശ്ചിത്തം ചെയ്ത് ഉറുഗ്വെ പ്രീക്വാര്‍ട്ടറില്‍. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ പരാജയപ്പെടുത്തിയത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന പോരാട്ടത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ റഷ്യ രണ്ടു ഗോളിന് പിന്നിലായി.
ഒമ്പതാം മിനിറ്റില്‍ ബോക്സിന് തൊട്ട് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് നിലംപറ്റെയുള്ള ഷോട്ടിലൂടെ സുന്ദരമായി വലയിലെത്തിച്ച സുവാരസാണ് ഉറുഗ്വയെ ആദ്യം മുന്നിലെത്തിച്ചത്. സ്വന്തം നാട്ടില്‍ പിന്നിലായി പോയതിന്‍റെ ആഘാതത്തില്‍ പിന്നീട് നിരവധി മുന്നേറ്റങ്ങളാണ് റഷ്യന്‍ പട ഉറുഗ്വെയന്‍ ഗോള്‍ മുഖത്തേക്ക് നടത്തിയത്. എന്നാല്‍, ഉറുഗ്വെ ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേറ സേവുകളുമായി കളം നിറഞ്ഞതോടെ ഗോള്‍ സ്വന്തമാക്കാന്‍ റഷ്യക്ക് സാധിച്ചില്ല.
എന്നാല്‍,23-ാം മിനിറ്റില്‍ ഉറുഗ്വെ വീണ്ടും ലക്ഷ്യം ഭേദിച്ചു. സുവാരസിനും സംഘത്തിനും ലഭിച്ച കോര്‍ണര്‍ ഒരുവിധം റഷ്യന്‍ പ്രതിരോധം തട്ടിയകറ്റി. പക്ഷേ, അത് നേരെ എത്തിയത് ഡിയോഗോ ലാക്സാല്‍റ്റിന്‍റെ കാലില്‍. താരത്തിന്‍റെ ഇടങ്കാലന്‍ ഷോട്ട് ഡെനി ചെറിഷ്കോവിന്‍റെ കാലില്‍ തട്ടി വലയില്‍ കയറി, ലോകകപ്പില്‍ വീണ്ടുമൊരു സെല്‍ഫ് ഗോള്‍ കൂടി പിറന്നു. ഇതോടെ റഷ്യ സമര്‍ദത്തിലായി.
36-ാം മിനിറ്റില്‍ ലാക്സാല്‍റ്റിനെ ഫൗള്‍ ചെയ്തതിന് രണ്ടാമത്തെ മഞ്ഞക്കാര്‍ഡും ലഭിച്ച ഇഗോര്‍ സ്മോള്‍നിക്കോവ് കളത്തിനും പുറത്തു പോയി, എന്നാല്‍, പത്ത് പേരുമായി ചുരുങ്ങിയിട്ടും രണ്ടാം പകുതിയില്‍ തളരാതെ പോരാടുന്ന റഷ്യയെയാണ് കളത്തില്‍ കണ്ടത്. നിരവധി അവസരങ്ങള്‍ ഒരുക്കിയെടുത്തെങ്കിലും മുന്നേറ്റ നിര മങ്ങിയത് അവരുടെ ഗോള്‍ശ്രമങ്ങളെ പിന്നോട്ടടിച്ചു.
മികച്ച തുടക്കം ലഭിച്ചതിന്‍റെ ആനുകൂല്യത്തില്‍ ഉറുഗ്വെയും മിന്നുന്ന കളി പുറത്തെടുത്തു. കൂടുതല്‍ ഗോളുകള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ കെെവന്നെങ്കിലും ഫിനിഷിംഗിലെ പോരായ്മ ഡിയാഗോ ഗോഡിനെയും സംഘത്തെയും പിന്നോട്ടടിച്ചു. എഡിസണ്‍ കവാനിക്ക് തൊടുന്നതെല്ലാം പിഴച്ചതാണ് ഉറുഗ്വെയന്‍ പടയെ വലച്ചത്. ഒരുപാട് അവസരം ലഭിച്ച കവാനി കളിയുടെ ഇഞ്ചുറി ടെെമില്‍ അവസാനം വലകുലുക്കി.
ഉറുഗ്വെയ്ക്ക് ലഭിച്ച കോര്‍ണറില്‍ ഗോഡിന്‍ തലവെച്ചെങ്കിലും റഷ്യന്‍ ഗോള്‍കീപ്പര്‍ ഇഗോര്‍ അക്കിന്‍ഫീവ് തട്ടിയിട്ടി. പക്ഷേ, റീബൗണ്ട് ചെയ്ത് വന്ന പന്ത് അനായസം കവാനി തട്ടി വലയിലാക്കി. ഉറുഗ്വെ പിടിച്ചു നിന്നതോടെ ആതിഥേയര്‍ക്ക് ലോകകപ്പിലെ ആദ്യ തോല്‍വി പിണഞ്ഞു. ഇരു ടീമുകളും നേരത്തേ തന്നെ പ്രീക്വാര്‍ട്ടറില്‍ കടന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam