തീവ്രവാദ സംഘങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ കുവൈത്തിന്റെ പങ്കിനെ യുഎസ് പ്രകീര്‍ത്തിച്ചു

By Web DeskFirst Published Oct 23, 2016, 1:49 AM IST
Highlights

ഇസ്ലാമിക് സ്‌റ്റേറ്റ് ഉള്‍പ്പെടെയുളള തീവ്രവാദ സംഘങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ കുവൈത്തിന്റെ പങ്കിനെ യുഎസ് പ്രകീര്‍ത്തിച്ചു. യുഎസും കുവൈറ്റും തമ്മിലുള്ള സുരക്ഷാ പങ്കാളിത്തം വര്‍ധിപ്പിക്കാനും, തീവ്രവാദികള്‍ക്ക് ഫണ്ട് കൈമാറുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറാനും ധാരണയായിട്ടുണ്ട്.

ഐഎസിനെതിരേയുള്ള ആഗോള സഖ്യകക്ഷി പോരാട്ടത്തില്‍ കുവൈത്ത് നല്‍കുന്ന പിന്തുണയ്‌ക്കും സഹായങ്ങള്‍ക്കും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കൃതജ്ഞത പ്രകടിപ്പിച്ചത്. വെള്ളിയാഴ്ച വാഷിംഗ്ടണില്‍ നടന്ന കുവൈത്ത് യുഎസ് സൈനികതന്ത്ര സംവാദത്തിന് ഒടുവിലാണ് ജോണ്‍ കെറി കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യവകുപ്പ് മന്ത്രിയുമായ ഷേഖ് സാബാ ഖാലിദ് അല്‍ ഹമദ് അല്‍ സാബായെ നന്ദി അറിയിച്ചത്. ഐഎസ് അടക്കമുള്ള വിദേശങ്ങളിലുള്ള തീവ്രവാദ ഗ്രൂപ്പുകളെ നേരിടുന്നതിനായി ആഗോളതലത്തില്‍ സഖ്യമുണ്ടാക്കുന്നതിന് നെയര്‍ലാന്‍ഡും തുര്‍ക്കിയും നടത്തുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അദ്ദേഹം കുവൈറ്റിനെയും ക്ഷണിച്ചു. യുഎസും കുവൈത്തും തമ്മിലുള്ള സുരക്ഷാ പങ്കാളിത്തം വര്‍ധിപ്പിക്കും. തീവ്രവാദത്തെ നേരിടുകയെന്നതു മാത്രമല്ല, തീവ്രവാദികള്‍ക്ക് ഫണ്ട് കൈമാറുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൈമാറാന്‍ ധാരണയായിട്ടുണ്ട്. കുവൈത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ യുഎസ് സഹായവും വാഗ്ദാനം ചെയ്തു. ഓരോ ജിസിസി രാജ്യങ്ങളുടെയും ആഭ്യന്തര ഐക്യത്തിന് ഭീഷണിയാകുന്ന ബാഹ്യശക്തികള്‍ക്കെതിരേ സംയുക്തമായി പ്രവര്‍ത്തിക്കാന്‍ അമേരിക്ക തയാറാണെന്നും പ്രസ്താവനയില്‍ ജോണ്‍ കെറി വ്യക്തമാക്കി.
 

click me!