
ഡമാസ്കസ്: സിറിയൻ വ്യോമാക്രമണത്തിൽ റഷ്യയെ പഴിചാരി അമേരിക്ക.റഷ്യയുടെ നേതൃത്വത്തിൽ സൈന്യം മൃഗീയ അക്രമം നടത്തുകയാണെന്ന് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിൽ അമേരിക്ക ആരോപിച്ചു. യുദ്ധമവസാനിപ്പിക്കുക നിലവിലെ സാഹചര്യത്തിൽ അസാധ്യമാണെന്ന് റഷ്യ വ്യക്തമാക്കി. സിറിയൻ പട്ടണമായ അലെപ്പോയിൽ റഷ്യൻ പിന്തുണയോടെ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സൈന്യം ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയുടെ പ്രത്യേക യോഗം ചേർന്നത്.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചായിരുന്നു തീരുമാനം. യോഗത്തിൽ റഷ്യയ്ക്കെതിരെ കടുത്ത വിമർശനവുമായാണ് അമേരിക്കൻ പ്രതിനിധി സാമന്ത പവർ രംഗത്തെത്തിയത്. അലെപ്പോയിൽ നടക്കുന്നത് തീവ്രവാദത്തിനെതിരെയുള്ള യുദ്ധമല്ലെന്നും മൃഗീയ അക്രമമമാണെന്നും അമേരിക്ക ആരോപിച്ചു. സിറിയയിൽ സമാധാനം കൊണ്ടുവരാൻ ജനങ്ങളെ സഹായിക്കേണ്ടതിന് പകരം നിരപരാധികളെ കൊല്ലുന്ന ആക്രമണമാണ് റഷ്യയും അസദും നടത്തുന്നതെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.
ബ്രിട്ടനും റഷ്യയ്ക്കെതിരെ നിലപാട് വ്യക്തമാക്കി. രക്ഷാസമിതി ഉത്തരവാദിത്തം നിറവേറ്റാൻ തയ്യാറാവണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആക്രമണം അവസാനിപ്പിക്കുക അസാധ്യമാണെന്ന് റഷ്യ അഭിപ്രായപ്പെട്ടു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന വ്യോമാക്രമണങ്ങളിൽ ദുരിതാശ്വാസ പ്രവർത്തകരടക്കം നൂറിലധികമാളുകൾ അലെപ്പോയിൽ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam