നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രക്ഷുബ്‌ധമാക്കാനൊരുങ്ങി പ്രതിപക്ഷം

By Web DeskFirst Published Sep 26, 2016, 1:15 AM IST
Highlights

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ രണ്ടാമത്തെ സമ്മേളനത്തിന് ഇന്ന് തുടക്കം. 29 ദിവസം നീളുന്ന സമ്മേളനത്തില്‍ സ്വാശ്രയ പ്രവേശനവും സൗമ്യ വധക്കേസും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാവും പ്രതിപക്ഷ ശ്രമം . സ്വാശ്രയപ്രശ്നത്തിൽ നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭത്തിനൊരുങ്ങിയാവും പ്രതിപക്ഷം എത്തുക. സ്വാശ്രയ കോളേജ് പ്രവേശനം സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപണം ആദ്യ ദിവസം തന്നെ സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. പ്രശ്നത്തിൽ പരിഹാരമാവശ്യപ്പെട്ട്  നിയമസഭക്ക് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നാണ് കെഎസ് യുവിന്റെ പ്രഖ്യാപനം. ധനകാര്യ ബില്ല് പാസാക്കുന്നതടക്കം സുപ്രധാന നടപടിക്രമങ്ങൾ നടക്കാനിരിക്കെ സഭാ നടപടികളുടെ സുഗമമായ നടത്തിപ്പ് ഭരണ പക്ഷത്തിനും വെല്ലുവിളിയാകും.

യൂത്ത് കോണ്‍ഗ്രസിന്റെ അനിശ്ചിതകാല നിരാഹാര സമരവും അനുബന്ധ സംഘര്‍ഷങ്ങളും പ്രതിപക്ഷം സഭയിലെത്തിക്കും.മദ്യ നയത്തിലെ നിലപാട് വിശദീകരിക്കാൻ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും. നിര്‍ണ്ണായക മാറ്റങ്ങളോടെയെത്തുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ഭേദഗതിയും നെൽവയൽ നീര്‍ത്തട സംരക്ഷണ  നിയമഭേദഗതിയും അടക്കം ബില്ലുകൾ ചൂടേറിയ തർക്കങ്ങൾക്കിയടാക്കും.

കെ ബാബു അടക്കമുള്ളവ‌ക്കെതിരായ വിജലൻസ് കേസുകള്‍ മുതൽ സൗമ്യ കേസിലെ വീഴ്ചവരെ പ്രതിപക്ഷം ഉന്നയിക്കാനിടയുണ്ട്. സഭയിലുന്നയിക്കേണ്ട വിഷയങ്ങൾ പൊതു ജനങ്ങൾക്ക് പറയാമെന്ന പ്രതിപക്ഷ നേതാവിന്റെ ഫേസ് ബുക്ക് അഭ്യര്‍ത്ഥനക്കും വൻ പ്രതികരണമെന്നാണ് അവകാശവാദം. അതേസമയം ധനകാര്യ ബില്ല് പാസ്സാക്കുന്നതടക്കം 29 ദിവസത്തെ സമ്മേളന നടപടികൾ ക്രിയാത്മകമാക്കാനുറച്ചാണ് ഭരണ പക്ഷം സഭയിലെത്തുന്നത്. കെഎം മാണി അടക്കം ആറ് എംഎൽഎമാര്‍ അടങ്ങുന്ന പ്രത്യേക ബ്ലോക്ക് സഭയിലെക്കുന്ന നിലപാടും ഇത്തവണ നിര്‍ണ്ണായകമാണ്.

 

click me!