കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതില്‍ തര്‍ക്കം; അമേരിക്ക വീണ്ടും ഭരണ സ്തംഭനത്തിലേക്ക്

By Web TeamFirst Published Feb 12, 2019, 8:38 AM IST
Highlights

രാജ്യ വികസനത്തിന് സഹായിക്കുന്നവരെ ഒഴിവാക്കി, ക്രിമിനൽ റെക്കോഡുള്ളവരെ മാത്രം തടഞ്ഞു വയ്ക്കാമെന്ന ഡെമോക്രാറ്റുകളുടെ വാദം റിപ്പബ്ലിക്കുകൾ അംഗീകരിക്കുന്നില്ല. 

വാഷിംഗ്ടണ്‍: മെക്സിക്കൻ അതിർത്തിയിലെ സുരക്ഷാ മതിൽ നിർമ്മാണത്തെ കുറിച്ചുള്ള കോൺഗ്രസ് ചർച്ച വഴിമുട്ടിയതോടെ അമേരിക്ക വീണ്ടും ഭരണ സ്തംഭനത്തിലേക്ക്. അമേരിക്കയിലെ രേഖയില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിലെ അഭിപ്രായ വിത്യാസങ്ങളാണ് ചർച്ച വഴിമുട്ടാൻ കാരണം. രാജ്യ വികസനത്തിന് സഹായിക്കുന്നവരെ ഒഴിവാക്കി, ക്രിമിനൽ റെക്കോഡുള്ളവരെ മാത്രം തടഞ്ഞു വയ്ക്കാമെന്ന ഡെമോക്രാറ്റുകളുടെ വാദം റിപ്പബ്ലിക്കുകൾ അംഗീകരിക്കുന്നില്ല. 

ട്രംപിന്‍റെ സ്വപ്ന പദ്ധതിയായ മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമ്മാണത്തിന് തുക വകയിരുത്തുന്നതിലും തർക്കം തുടരുകായാണ്. 570 കോടി ഡോളറാണ് ട്രംപ് ആവശ്യപ്പെട്ടത്. 200 കോടി ഡോളറിന് താഴെ മാത്രമേ വകയിരുത്താനാകൂ എന്ന് ഡെമോക്രാറ്റുകളും വ്യക്തമാക്കി. ഇരു പക്ഷവും വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ കാര്യങ്ങൾ ഭരണ സ്തംഭനത്തിലേക്ക് എത്തിയേക്കും. 

ഒരു മാസത്തിലേറെ നീണ്ടു നിന്ന അമേരിക്കയിലെ ട്രഷറി സ്തംഭനം അവസാനിച്ചത് ജനുവരി 25നാണ്. അതു കഴിഞ്ഞ് രണ്ടു ആഴ്ച പിന്നിടുന്പോഴാണ് അമേരിക്ക വീണ്ടും അതേ ഭീഷണി നേരിടുന്നത്. നേരത്തെ, കോൺഗ്രസിൽ തുക പാസാകാതിരുന്നത് കാരണം ട്രംപ് ഫെഡറൽ ഫണ്ടിംഗ് കരാറിൽ ഒപ്പു വെച്ചിരുന്നില്ല. ഇതുണ്ടാക്കിയതാകട്ടെ 35 ദിവസത്തെ ഭരണ സ്തംഭനവും.

സർക്കാർ മേഖലയിലെ 8 ലക്ഷത്തോളം ജീവനക്കാർക്ക് ശന്പളം ലഭിച്ചിരുന്നില്ല. പ്രതിസന്ധി രൂക്ഷമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടയാണ് ട്രംപ് ഫണ്ടിംഗിൽ ഒപ്പുവെച്ചത്. ഇതിന്‍റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ സുരക്ഷാ കരാ‌ർ പാസാവാതിരുന്നതാൽ ഒപ്പുവയ്ക്കില്ലെന്ന മുൻ നിലപാട് ട്രംപ് സ്വീകരിക്കാനാണ് സാധ്യത.

click me!