
ന്യൂയോര്‍ക്ക്: നോർത്ത് സെന്‍റിനല്‍ ദ്വീപിൽ അമേരിക്കൻ മിഷണറി കൊല്ലപ്പെട്ട സംഭവത്തില്‍ സെന്‍റിനല്‍സിനെതിരെ യുഎസ് നടപടി ആവശ്യപ്പെടില്ല. സെന്‍റിനല്‍സിനെതിരെ നടപടിയെടുക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് റിലീജിയസ് ഫ്രീഡം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥന്‍ സാമുവല്‍ ബ്രൌണ്‍ബാക്ക് പറഞ്ഞു. സെന്‍റിനല്‍സിനെതിരെ നടപടിയെടുക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമോയെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സാമുവല്‍.
ദ്വീപിലേക്കുള്ള ജോൺ അലൻ ചൗവിന്‍റെ പ്രവേശനം ഗോത്ര വിഭാഗത്തെ ബാധിക്കുമെന്ന് ബ്രിട്ടനിലുള്ള സര്‍വൈവല്‍ ഇന്‍റര്‍നാഷണല്‍ എന്ന സംഘടന വെളിപ്പെടുത്തിയിരുന്നു. സെന്‍റിനല്‍സിന് പ്രതിരോധശേഷി ഇല്ലാത്തതിനാല്‍ പുറത്തുനിന്നുള്ള ആളുകളുടെ പ്രവേശനത്തെ തുടര്‍ന്ന് ഉണ്ടാകുന്ന രോഗാണുക്കള്‍ ഗോത്രത്തെ തന്നെ തുടച്ചുനീക്കാന്‍ കാരണമാകുമെന്നും സര്‍വൈവല്‍ ഇന്‍റര്‍നാഷണല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രൌണ്‍ബാക്കിന്‍റെ പ്രതികരണം.
ആന്‍റമാന്‍ ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ സ്വദേശി ജോണ്‍ അലന്‍ ചൗവിനെ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ജോണ്‍ അലന്‍ ചൗവിനെ ഗോത്രവര്‍ഗക്കാര്‍ തന്നെ കൊലപ്പെടുത്തി മൃതദേഹം ബീച്ചില്‍തന്നെ കുഴിച്ചുമൂടുകയായിരുന്നു. മത്സ്യവും ചെറിയ സമ്മാനങ്ങളും നല്‍കി ഗോത്ര വര്‍ഗക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനെത്തിയതായിരുന്നു 26കാരനായ ജോണ്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam