പുച്ചിന്‍റെ അടുത്ത അനുയായിക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക

By Web DeskFirst Published Apr 7, 2018, 6:32 AM IST
Highlights
  • അമേരിക്കൻ പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പിൽ ഇടപെട്ടെന്നാരോപിച്ച് 24 റഷ്യക്കാർക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി

വാഷിംങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പിൽ ഇടപെട്ടെന്നാരോപിച്ച് 24 റഷ്യക്കാർക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി.  റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുച്ചിന്‍റെ അടുത്ത അനുയായിയും ഉപരോധം ഏർപ്പെടുത്തിയവരുടെ പട്ടികയിലുണ്ട്. ട്രംപ് പുച്ചിൻ കൂടിക്കാഴ്ച നടക്കാനിരിക്കെയെടുത്ത ഈ നടപടി യുഎസ് റഷ്യ ബന്ധത്തെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ

അമേരിക്കയിലെ അലുമിനിയം വ്യവസായ ഭീമനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുച്ചിന്‍റെ അടുത്ത അനുയായിയുമായ ഒലിഗ് ഡെറിപാസ്ക ഉൾപ്പെടെ 24പേരുടെ മേലാണ് വൈറ്റ്ഹൈസ് ഉപരോധം ഏർപ്പെടുത്തിയത്. 2016ൽ നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനധികൃത ഇടപെടൽ നടത്തിയെന്നാരോപിച്ചാണ് നടപടി. ഡെറിപ്സാക ഉൾപ്പെടെയുള്ളവരുടെ അമേരിക്കയിലെ സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്. പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായിട്ടില്ലെന്ന ട്രംപിന്‍റെ പ്രഖ്യാപിത നിലപാടിനെ തള്ളുന്നതാണ് അമേരിക്കയുടെ ഈ നടപടി. 

യുഎസ് കോൺഗ്രസിന്‍റെ ശക്തമായ സമ്മര്‍ദ്ദമാണ് നടപടിക്ക് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. പുച്ചിനും ട്രംപും തമ്മിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കെയാണ് നടപടി എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇത് കൂടിക്കാഴ്ചയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. റഷ്യ അമേരിക്ക ബന്ധത്തിൽ വിള്ളലുണ്ടായിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രിയും പ്രതികരിച്ചു. 

നേരത്തെ റഷ്യൻ ചാരനേയും മകളേയും ബ്രിട്ടനിൽ കൊലപ്പെടുത്താൻ ശ്രമിച്ചെന്നതിനെ ചൊല്ലിയുള്ള നയതന്ത്ര യുദ്ധത്തിന്റെ ഭാഗമായി റഷ്യൻ നയതന്ത്ര ഉദ്യോസ്ഥരെ അമേരിക്ക പുറത്താക്കിയിരുന്നു. അതിന് പിന്നാലെ റഷ്യക്കാർക്ക് മേൽ ഏർപ്പെടുത്തിയ ഈ ഉപരോധം യുഎസ് റഷ്യ ബന്ധം വഷളാക്കാനാണ് സാധ്യത. ഇതിനിടെ റഷ്യ നടത്തിയ രാസാക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ചാരൻ സെര്‍ജി സ്ക്രിപാൽ സുഖം പ്രാപിച്ചുവരുന്നതായി ബ്രിട്ടൻ സ്ഥിരീകരിച്ചു.

click me!