അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു; പോളിങ് ബൂത്തുകളിൽ വൻ തിരക്ക്

By Web TeamFirst Published Nov 6, 2018, 11:27 PM IST
Highlights

435 അംഗ ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്. 36 സംസ്ഥാനങ്ങളിൽ ഗവർണർ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും.

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇതുവരേയുള്ള ഭരണത്തിന്റെ വിലയിരുത്താനുള്ള ജനവിധിയാണ് ഇന്ന് നടക്കുന്നത്. 435 അംഗ ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്. 36 സംസ്ഥാനങ്ങളിൽ ഗവർണർ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. ഇന്ത്യൻ വംശജരായ 80തിലധികം പേർ അമേരിക്കയിൽ ജനവിധി തേടുന്നുണ്ട്.  

ഇന്ന് ഒഴിവ് ദിനമല്ലെങ്കിലും മിക്ക സംസ്ഥാനങ്ങളിലെയും പോളിങ് ബൂത്തുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനകം 30 ​ദശലക്ഷം പേർ പ്രാരംഭ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. അമേരിക്കയിൽ വിവിധ സമയങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒരു ട്രംപ് വിരുദ്ധ മുന്നേറ്റമാണ് ഡെമോക്രാറ്റുകള്‍ പ്രതീക്ഷിക്കുന്നത്. ഇത്തവണ കൂടുതൽ ചെറുപ്പകാരും സ്ത്രീകളും വോട്ടിങ് ബൂത്തിൽ എത്തുമെന്നാണ് കരുതുന്നത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ വാശിയേറിയ മത്സരമാണ് നടക്കുക. പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് വളരെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. നിലവിൽ ഇരുസഭകളിലും റിപ്പബ്ലിക് പാർട്ടിക്കാണ് മുൻതൂക്കം. റിപബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികളെ ജയിപ്പിക്കുന്നതിനായി പ്രചരണ റാലികളിൽ ട്രംപ് സജീവമായി പങ്കെടുത്തിരുന്നു. ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി മുൻ അമേരിക്കൻ പ്രസിഡന്റ് ബാരാക് ഒബാമയും രം​ഗത്തിറങ്ങി. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അധികം വനിതകൾ രം​ഗത്തുള്ള മത്സരമാണിത്. 

അവസാനമണിക്കൂറുകളില്‍വരുന്ന അഭിപ്രായ സര്‍വേകള്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണ്. അഭിപ്രായ സർവ്വേകൾ സൂചിപ്പിക്കുന്നത് ഡെമോക്രാറ്റുകൾക്ക് അനുകൂലമായ ഒരു ബ്ലൂ വേവ് ഉണ്ടാകുമെന്നാണ്. അങ്ങനെയായാൽ ട്രംപിന് ഇനിയുള്ള ഭരണം സു​ഗമമാകില്ല. വോട്ടേണ്ണൽ ഇന്ന് തന്നെ ആരംഭിക്കും. നാളെയോടെ ഫലങ്ങളറിയാം.  

 

click me!