ഇറാനെതിരെ ഉപരോധം വ്യാപിപ്പിക്കാന്‍ അമേരിക്കന്‍ നീക്കം

By Web DeskFirst Published Feb 3, 2017, 6:14 AM IST
Highlights

ഇറാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന് നടപടി വേണമെന്ന് ഇന്നലെ ഒരു സംഘം സെനറ്റര്‍മാര്‍ പ്രസിഡന്റ് ട്രംപിന് സന്ദേശം അയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഉപരോധനീക്കം ശകതമായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ വിമര്‍ശനമുന്നയിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇറാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഇറാന്റെ നടപടി നിരുത്തരവാദപരവും പ്രകോപനമുണ്ടാക്കുന്നതുമാണെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. ഇറാന്‍ നടപടിക്കെതിരെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്‍ രംഗത്തുവന്നിരുന്നു. 

എന്നാല്‍, ട്രംപിന്റെ വിമര്‍ശനം ഭരണതലത്തിലെ പരിചയക്കുറവു കൊണ്ടുള്ളതാണെന്ന് ഇറാന്‍ വിലയിരുത്തി. ഇത്തരം ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ഇറാന്‍ ഉപദേഷ്ടാവ് അലി അക്ബര്‍ വിലായത്തി തിരിച്ചടിച്ചു.  പ്രതിരോധ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. അതിന് ഇറാന് ആരുടെയും അനുവാദം ആവശ്യമില്ല. മുന്‍ഗാമിയായ ജബാമയില്‍നിന്നും ഭരണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ട്രംപിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു. 

മിസൈല്‍ വികസിപ്പിച്ചത് ഭീകരരെ നേരിടാനാണെന്നും അമേരിക്കയുടെ ഇപ്പോഴത്തെ നിലപാട് ഭീകരരെ സഹായിക്കാനോ ഉതകൂവെന്നും ഇറാന്‍ വിദേശകാര്യ വക്താവ് കുറ്റപ്പെടുത്തി.
 

click me!