തീവ്രവാദത്തിനെതിരായ കുവൈറ്റിന്റെ പോരാട്ടങ്ങള്‍ക്ക് അമേരിക്കയുടെ പ്രശംസ

By Web DeskFirst Published Feb 19, 2017, 6:49 PM IST
Highlights

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷേഖ് ഖാലിദ് അല്‍ജാറഹ് അല്‍സാബായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മക്ഗര്‍ക് കുവൈറ്റിന്റെ പോരാട്ടത്തെ അഭിനന്ദിച്ചത്. ഇസ്ലാമിക സ്‌റ്റേറ്റിനെതിരേയുള്ള പോരാട്ടത്തില്‍ പരസ്‌പര സഹകരണത്തിനും സംയുക്ത സൈനിക നീക്കങ്ങള്‍ക്കുമുള്ള പദ്ധതികള്‍ തയാറാക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെ പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള സഹകരണമാണ് ലക്ഷ്യമിടുന്നത്. അതിര്‍ത്തികള്‍ കടന്നുള്ള ആക്രമണ പദ്ധതികള്‍ക്കെതിരേ പരസ്‌പര സഹകരണത്തോടെയും ഏകോപിപ്പിച്ചുമുള്ള പോരാട്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കണമെന്ന് അല്‍സാബാ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടിരുന്നു. 

ഇസ്ലാം മതവുമായി ബന്ധപ്പെടുത്തി ഇസ്ലാമിക സ്‌റ്റേറ്റ് നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള സുരക്ഷാ സംവിധാനത്തിന് എല്ലാ പിന്തുണയും നല്‍കാന്‍ കുവൈറ്റ് ഒരുക്കമാണെന്നും ഉപപ്രധാനമന്ത്രി അറിയിച്ചു. അന്താരാഷ്‌ട്ര സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് നടത്തുന്ന ചര്‍ച്ചകളില്‍ നിരവധി രാജ്യങ്ങളിലെ ഭരണതലവന്മാരടക്കം അഞ്ഞൂറിലധികം പ്രതിനിധികളാണ് സംബന്ധിക്കുന്നത്. അന്താരാഷ്‌ട്ര സഹകരണം വര്‍ധിപ്പിക്കാനും സംവാദങ്ങള്‍ക്കും പ്രശ്‌ന ബാധിത മേഖലകളില്‍ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങളെടുക്കാന്‍ 1963ല്‍ സ്ഥാപിതമായ ഒരു സ്വതന്ത്ര അന്താരാഷ്‌ട്ര സംഘടനയാണ് മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സ്.

click me!