പലസ്‌‌തീന്‍ വിഷയത്തില്‍ ഇസ്രയേലിനെതിരെ അമേരിക്ക

By Web DeskFirst Published Dec 29, 2016, 1:47 AM IST
Highlights

പലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രയേലിനെ വിമര്‍ശിച്ച് അമേരിക്ക. സമാധാനത്തിന് വിഘാതമാകുന്ന നിലപാടുകളാണ് ഇസ്രയേല്‍ ഇപ്പോള്‍ കൈക്കൊള്ളുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കുറ്റപ്പെടുത്തി. പലസ്തീന്റെ വക്താവിനെപ്പോലെയാണ് കെറി സംസാരിക്കുന്നതെന്ന് ഇസ്രയേല്‍ തിരിച്ചടിച്ചു.

പലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രയേലിനെതിരായ ഐക്യരാഷ്ട്രസഭ പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് അമേരിക്ക വിട്ടുനിന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള പ്രശ്‌നപരിഹാരം മാത്രമാണ് ശാശ്വത സമാധാനത്തിനള്ള വഴി തുറക്കൂ എന്ന് എല്ലാവരും ഓര്‍ക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സക്രട്ടറി ജോണ്‍ കെറി പറഞ്ഞു. പരസ്യമായി ഇതാണ് ഇസ്രയേലിന്‍ന്റെ നിലപാട്. എന്നാല്‍ തീവ്ര ചിന്താഗതിക്കാരുമായി കൈകോര്‍ത്ത് ബെഞ്ചമിന്‍ നെതന്യാഹു നടത്തുന്ന നീക്കങ്ങള്‍ ഇത്തരം സമാധാനത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയാണെന്ന് കെറി കുറ്റപ്പെടുത്തി. പക്ഷപാതപരമായാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. പലസ്തീന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വക്താവായി ജോണ്‍ കെറി മാറിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചതമിന്‍ നെതന്യാഹു ആരോപിച്ചു. അതിനിടെ ഇസ്രയേലിന് പിന്തുണയുമായി അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇസ്രയേലിനെ അവഗണിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ട്രംപ്, താന്‍ അധികാരമേല്‍ക്കുന്നത് വരെ കരുത്തോടെ മുന്നോട്ട് പോകാന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.

click me!