എന്‍എസ്‌ജി അംഗത്വം: ഇന്ത്യയ്‌ക്ക് പിന്തുണയുമായി അമേരിക്ക

By Web DeskFirst Published Jun 21, 2016, 5:43 AM IST
Highlights

ആണവ വിതരണ സംഘത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിന് എല്ലാ അംഗങ്ങളും പിന്തുണക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യയെ ആണവ വിതരണ സംഘത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന പ്‌ളീനറി സമ്മേളനത്തിന്റെ അജണ്ടയില്‍ ഇല്ലെന്ന് ഇന്നലെ ചൈന വ്യക്തമാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യയ്ക്ക് ചൈനയുടെ പിന്തുണ കിട്ടുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പറഞ്ഞതിന് തൊട്ടുപുറകെയായിരുന്നു ചൈന നിലപാട് മാറ്റി ഇന്ത്യക്കെതിരെ നില്‍ക്കുമെന്ന സൂചന നല്‍കിയത്. ആണവ വിതരണ സംഘം അഥവ എന്‍ എസ് ജിയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തണമെന്ന് ചൈന വാദിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാനെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് അമേരിക്ക, റഷ്യ, ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയങ്ങള്‍ യോജിപ്പില്ല എന്നതും ഇന്ത്യക്ക് ആശ്വാസമാണ്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത രാഷ്ട്രങ്ങളെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്നാണ് പൊതുവെയുള്ള നിലപാട്. ചൈന ഇന്ത്യക്കെതിരെ തിരിയുന്ന പശ്ചാതലത്തില്‍ എന്‍.എസ്.ജിയില്‍ എത്തുക എന്നത് ഇന്ത്യക്ക് ഏറെ ശ്രമകരമാകും. കൊറിയയിലെ സോളില്‍ ആണവ വിതരണ സംഘങ്ങളുടെ പ്‌ളീനറി സമ്മേളനം ആരംഭിച്ചുകഴിഞ്ഞു. വരുന്ന 24നാണ് സമ്മേളനത്തിലെ ഏറ്റവും പ്രധാന യോഗങ്ങള്‍ നടക്കുന്നത്. അതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.

click me!