
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ നൈനിറ്റാള്‍ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണനക്കെടുത്തയുടന്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാകണം വിശ്വാസവോട്ടെടുപ്പെന്നും എജി കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി അടുത്ത ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്കും ഒരു മണിക്കുമിടയില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന് ഉത്തരവിട്ടു.
നേരത്തെ സ്പീക്കര്‍ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഒന്‍പത് വിമത എംഎല്‍എമാര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര, ശിവ കീര്‍ത്തി സിംഗ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ലെജിസ്ലേറ്റര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിരീക്ഷകനായ നിയമിച്ച കോടതി സഭനടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
എംഎല്‍എമാര്‍ക്ക് ചൊവ്വാഴ്ച സഭയിലെത്തുന്നതിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും കോടതി ആവശ്യപ്പെട്ടു. വിശ്വാസവോട്ടെടുപ്പിനായി രണ്ട് മണിക്കൂര്‍ സമയം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം സസ്‌പെന്‍ഡ് ചെയ്യും. ഹരീഷ് റാവത്തിനെ അനുകൂലിക്കുന്നവര്‍ സഭയുടെ ഒരു വശത്തും എതിര്‍ക്കുന്നവര്‍ മറുവശത്തുമായി ഇരിക്കണമെന്നും ഇവര്‍ സ്പീക്കര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് കൈപൊക്കണമെന്നും കോടതി പറഞ്ഞു.
വിശ്വാസവോട്ടെടുപ്പിന്‍റെ ഫലവും ദൃശ്യങ്ങളും പതിനൊന്ന് കേസ് പരിഗണിക്കുന്‌പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയില്‍ ഹാജരാക്കണം. വിമത എംഎല്‍എമാരെ മാറ്റി നിര്‍ത്തിയാല്‍ അറുപത്തിരണ്ട് അംഗങ്ങളുള്ള നിയമസഭയില്‍ മൂന്ന് സ്വതന്ത്രരുടേയും രണ്ട് ബിഎസ്പി അംഗങ്ങളുടേയും ഒരു ഉത്തരാഖണ്ഡ് ക്രാന്തി ദള്‍ എംഎല്‍എയുടേയും നിലപാട് വിശ്വാസവോട്ടെടപ്പില്‍ നിര്‍ണാകമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam