പഞ്ചാബിലെ മോഗ ജില്ലയിൽ കോൺഗ്രസ് പ്രവർത്തകനും തൊഴിലാളി നേതാവുമായ ഉമർസീർ സിങ്ങിനെ വെടിവച്ച് കൊലപ്പെടുത്തി. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്. സംഭവത്തിൽ എഎപി നേതാവ് ഇന്ദർപാൽ സിങടക്കം ഏഴ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഛണ്ഡീഗഡ്: പഞ്ചാബിൽ തൊഴിലാളി നേതാവായ കോൺഗ്രസ് പ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ മോഗ ജില്ലയിൽ ഭിന്തർ കലൻ ഗ്രാമത്തിലാണ് സംഭവം. നെസ്‌ലെ പ്ലാൻ്റിലെ ജീവനക്കാരനും യൂണിയൻ നേതാവുമായ ഉമർസീർ സിങാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ജോലിക്കായി പോകും വഴി ആറരയോടെ ഇദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ എഎപി നേതാവ് ഇന്ദർപാൽ സിങടക്കം ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.
അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഉമർസീർ സിങിൻ്റെ ബന്ധു വീർപാൽ സിങ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ പത്രിക പിൻവലിക്കാൻ ഇന്ദർപാൽ സിങ് സമ്മർദ്ദം ചെലുത്തിയെങ്കിലും ഉമർസീർ സിങ് വകവെച്ചില്ലെന്നാണ് വിവരം. പൊലീസിന് നൽകിയ പരാതിയിൽ ഉമർസീർ സിങിനെ ഇന്ദർപാൽ സിങ് ഭീഷണിപ്പെടുത്തിയെന്ന് സഹോദരൻ ഗുർവീന്ദർ സിങ് ആരോപിച്ചിട്ടുണ്ട്.
കാറിലെത്തിയ അക്രമി സംഘം ഉമർസീർ സിങിൻ്റെ നേരെ 15 റൗണ്ട് വെടിയുതിർത്തെന്നാണ് ധരംകോട് ഡിഎസ്‌പി ജസ്‌വരിന്ദർ സിങ് പറയുന്നത്. അക്രമികൾ സഞ്ചരിച്ചത് കറുത്ത കാറിലാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ധരംകോട് പൊലീസ് സ്റ്റേഷന് മുന്നിൽ ഉമർസീർ സിങിൻ്റെ കുടുംബാംഗങ്ങൾ പ്രതിഷേധിച്ചു. മൃതദേഹവുമായാണ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.


