വെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണത്തെ തുടർന്ന് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യ. വെനസ്വേലയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും അവിടെയുള്ളവർ അതീവ ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും നിർദേശമുണ്ട്.

ദില്ലി: വെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണത്തിൻ്റെയും നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കിയ സംഭവത്തിൻ്റെയും പശ്ചാച്ചലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വെനസ്വേലയിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും തുടരുന്ന സാഹചര്യത്തിലാണ് നടപടി. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

വെനസ്വേലയിലുള്ള ഇന്ത്യക്കാരോട് താമസസ്ഥലത്ത് തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്താനും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ സഹായം തേടാനും നിർദേശമുണ്ട്.

അമേരിക്ക വെനസ്വേലയിൽ നടത്തിയ ആക്രമണത്തെ തുടർന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇടപെടൽ. പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സിനെ ഉപയോഗിച്ച് വെനസ്വേലയിൽ കടന്നുകയറി ആക്രമണം നടത്തിയ അമേരിക്ക അതീവ രഹസ്യമായി ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിൽ നിന്നാണ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയത്. വെനസ്വേലൻ സൈന്യത്തെയും സുരക്ഷാ സംവിധാനങ്ങളെയും മറികടന്ന് ഡെൽറ്റ ഫോഴ്സ് എങ്ങനെ മഡൂറോയെ പിടികൂടിയെന്ന ചോദ്യം ബാക്കിയാണ്. അതേസമയം ഇന്ത്യയിൽ സിപിഎം അടക്കമുള്ള ഇടതുപാർട്ടികൾ അമേരിക്കയുടെ അധിനിവേശത്തെ വിമർശിച്ച് രംഗത്തെത്തി. വെനസ്വേലയുമായി നല്ല ബന്ധം പുലർത്തുന്ന റഷ്യയും ചൈനയും അമേരിക്കൻ നീക്കത്തെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.