'അച്ഛന്‍ മുങ്ങി മരിക്കുന്നത് കണ്ടിട്ടും ആ പൊലീസുകാര്‍ രക്ഷിച്ചില്ല‍': മുകുന്ദന്‍റെ മകള്‍

നിര്‍മ്മല ബാബു |  
Published : May 12, 2018, 07:11 PM ISTUpdated : Oct 02, 2018, 06:30 AM IST
'അച്ഛന്‍ മുങ്ങി മരിക്കുന്നത് കണ്ടിട്ടും ആ പൊലീസുകാര്‍ രക്ഷിച്ചില്ല‍': മുകുന്ദന്‍റെ മകള്‍

Synopsis

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍.ടി.എഫിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് മുകുന്ദന്‍റെ മരണവും ശ്രീജിത്തേട്ടനെ കൊന്നതു പോലെയാണ് അച്ഛനെയും പൊലീസുകാര്‍ കൊന്നതെന്ന് മുകുന്ദന്‍റെ മകള്‍ 

കൊച്ചി: ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍, പറവൂര്‍ സിഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും അന്വേഷണവും തുടരുമ്പോള്‍,  പ്രതീക്ഷയോടെ കാത്തിരിക്കുയാണ് വരാപ്പുഴയിലെ തന്നെ മറ്റൊരു കുടുംബം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ എസ്.പിക്ക് കീഴിലെ ആര്‍.ടി.എഫിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് വരാപ്പുഴ ചിറയ്ക്കകം മച്ചാംതുരുത്ത് വീട്ടില്‍ മുകുന്ദന്‍റെ മരണവും. വരാപ്പുഴയില്‍ പത്ത് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന മുകുന്ദന്റെ മരണത്തില്‍ പൊലീസ് റൂറല്‍ ടൈഗര്‍ ഫോഴ്‌സിന് പങ്കുണ്ടെന്നാണ് കുടംബത്തിന്‍റെ ആരോപണം.

അച്ഛന് പുഴയില്‍ മുങ്ങി താഴുന്നത് കണ്ടിട്ടും പൊലീസ് രക്ഷിച്ചില്ലെന്ന് മുകന്ദന്‍റെ മകള്‍

തന്‍റെ അച്ഛന്‍ മുങ്ങി മരിക്കുന്നത് കണ്ടിട്ടും പൊലീസ് രക്ഷിക്കാന്‍ തയ്യാറായില്ലെന്ന് മുകന്ദന്‍റെ മകള്‍ അമൃത ആരോപിക്കുന്നു. ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകത്തിന് സമാനമായ രീതിയിലാണ് തന്‍റെ അച്ഛന് സംഭവിച്ചതെന്നും അമൃത ഏഷ്യാനെറ്റ് ന്യൂസ് ഒാണ്‍ലൈനിനോട് പറഞ്ഞു. ഇതുപോലെ ഇനി ആര്‍ക്കും സംഭവിക്കരുതെന്നും സംഭവത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അമൃത ആവശ്യപ്പെടുന്നു.

 

കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുകുന്ദന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.  അനൂകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മക്കളുമായി നിരാഹാരം തുടങ്ങുമെന്ന് ഭാര്യ സ്നേഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരണം നടന്ന് 10 മാസങ്ങള്‍ പിന്നിടുമ്പോഴും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് മുകുന്ദന്റെ കുടുംബം മുഖ്യമന്ത്രിയെ സമീപിക്കുന്നത്. അനാഥമായ ഒരു കുടുംബത്തിന്റെ ആവശ്യത്തിന് മുഖ്യമന്ത്രി ചെവി തരുമെന്നാണ് മുകുന്ദന്റെ ഭാര്യ സ്നേഹയുടെ പ്രതീക്ഷ. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പറക്കമുറ്റാത്ത മക്കളെയും ചേര്‍ത്ത് മരണം വരെ നിരാഹാരം തുടങ്ങാനുള്ള തീരുമാനത്തിലാണ് സ്നേഹ.

സംഭവത്തെ കുറിച്ച് മുകുന്ദന്റെ ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ:

കഴിഞ്ഞ ജൂണ്‍ പതിമ്മൂന്നിനാണ് ഒരു വീടിന്റെയാകെ പ്രതീക്ഷയെ വെള്ളത്തിലാക്കി വരാപ്പുഴ ചിറയ്ക്കകം മച്ചാംതുരുത്ത് വീട്ടില്‍ മുകുന്ദന്‍(42) തത്തപ്പിള്ളി പുഴയില്‍ മുങ്ങിമരിച്ചത്. ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ മുങ്ങിമരണമെന്ന കണ്ടെത്തലോടെ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ചിറയ്ക്കകം ബാലസുബ്രഹ്മണ്യന്‍ ക്ഷേത്രത്തിന് സമീപമുള്ള സുധിയുടെ വീട്ടില്‍ ഉച്ചയ്ക്ക് ഒരുമണിക്ക് മുകുന്ദന്‍ നില്‍ക്കുന്നത് കണ്ടവരുണ്ട്. ഈ സമയത്താണ് മുകുന്ദന്, കൂടെ ജോലിചെയ്യുന്ന ബിജുവിന്റെ ഫോണ്‍ വരുന്നത്. ബിജുവിന്റെ വീട്ടില്‍പ്പോയി 25,000 രൂപ വാങ്ങി തത്തപ്പിള്ളി കരിങ്ങാംതുരുത്ത് പുഴയോട് ചേര്‍ന്നുള്ള മന്ത്രംപറമ്പില്‍ ഗോപിയുടെ വാടകവീട്ടില്‍ എത്തണമെന്നായിരുന്നു ആവശ്യം.

രഹസ്യമായി നടക്കുന്ന ഒരു ചീട്ടുകളി കേന്ദ്രത്തിലേക്കാണ് മുകുന്ദനെ വിളിച്ചുവരുത്തിയത്. ഈ സമയത്ത് ചീട്ടുകളി സംഘത്തെ പിടികൂടാന്‍വന്ന എസ്.പി.യുടെ പ്രത്യേക ഷാഡോ പൊലീസിന്റെ പിടിയില്‍ മുകുന്ദന്‍ പെട്ടു. നീ ചീട്ടുകളി സംഘത്തിലെ ആളല്ലേടാ എന്ന് ചോദിച്ചാണ് മുകുന്ദനെ കഴുത്തിന് പിടിച്ച് മഫ്ടിയിലെത്തിയ പൊലീസ് കൊണ്ടുപോയതെന്ന് ഈ രംഗം കണ്ടുനിന്നവര്‍ പറഞ്ഞതായി മുകുന്ദന്റെ ബന്ധുക്കള്‍ പറയുന്നു. മുകുന്ദന്‍ നിരപരാധിയാണെന്ന് പലവട്ടം പറഞ്ഞെങ്കിലും പൊലീസ് ദയ കാട്ടിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ചീട്ടുകളി സംഘാംഗങ്ങള്‍ എവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും ബന്ധുക്കള്‍ പറയുന്നു.

ചീട്ടുകളി കേന്ദ്രം റെയ്ഡ് ചെയ്ത ആര്‍ടിഎഫ് സംഘം ആളുമാറി മുകുന്ദനെ കസ്റ്റഡിയിലെടുത്ത് മ‍ര്‍ദിച്ചു കൊന്നുവെന്നായിരുന്നു മുകുന്ദന്‍റെ അമ്മ നളിനിയുടെ വെളിപ്പെടുത്തല്‍. മത്സ്യത്തൊഴിലാളിയായ മകനെ മര്‍ദിച്ച് അവശനാക്കിയ പൊലീസ് സംഘം, മുകുന്ദന്‍ പുഴയില്‍ മുങ്ങിത്താഴുന്നത് ഉറപ്പാക്കി കടന്നു കളഞ്ഞുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍, പൊലീസിനെ കണ്ട് ഓടിയ മുകുന്ദന്‍ പുഴയില്‍ വീണ് മുങ്ങിമരിച്ചെന്നാണ് രേഖകളിലുളളത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് എസ്.പി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷാഡോ പോലീസായതുകൊണ്ടാവാം കേസ് ഒതുക്കിയതെന്ന് മുകുന്ദന്റെ അമ്മ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി
വാളയാർ ആൾക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി; ഛത്തീസ്​ഗഡിലേക്ക് കൊണ്ടുപോകും