
കൊച്ചി:വാരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പ്രതികളാവും. വാസുദേവന്‍റെ വീടാക്രമിച്ച കേസില്‍ ശ്രീജിത്തിനെ കുടുക്കിയതാണെന്ന് പ്രത്യേക അന്വേഷണ സംഘം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊബൈല്‍ രേഖകളും സാക്ഷിമൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചു.
സംഭവത്തില്‍ സി.ഐ മുതലുള്ള ഉദ്യോഗസ്ഥരെ പ്രതികളാക്കി അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന് കാരണക്കാരനെന്ന നിലയിലാണ് സി.ഐ കേസില്‍ പ്രതിയാവുക. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥരാവും കേസില്‍ മുഖ്യപ്രതികളാവുക എന്നാണ് ലഭ്യമായ വിവരം. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. അതേസമയം റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ കേസില്‍ പ്രതിയാക്കിയേക്കില്ല.
ശ്രീജിത്തിനെ പിടികൂടിയതിലടക്കം ഗുരുതരമായ പല വീഴ്ച്ചകളും ആര്‍ടിഎഫ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായി എന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. വാസുദേവന്‍റെ വീടാക്രമിച്ചവരെ കുറിച്ചോ ആ പ്രദേശത്തെ കുറിച്ചോ ഒരു ധാരണയുമില്ലാതെയാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുന്നത്. ആത്മഹത്യ ചെയ്ത വാസുദേവന്‍റെ സഹോദരന്‍ ഗണേശനുമായി വന്ന ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ഗണേശന്‍ കാണിച്ചു കൊടുത്തവരെയൊക്കെ പിടിച്ചു കൊണ്ടു പോകുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വീടാക്രമണത്തില്‍ പങ്കില്ലാത്ത ശ്രീജിത്തിനേയും സജിത്തിനേയും എന്തിനാണ് ഗണേശന്‍ പോലീസുകാര്‍ക്ക് കാണിച്ചു കൊടുത്തതെന്ന് വ്യക്തമല്ല. ഇക്കാര്യം കണ്ടെത്താന്‍ ഗണേശന്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്പോള്‍ ശ്രീജിത്ത് കാര്യമായ പ്രതിരോധത്തിന് ശ്രമിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ നന്നായി മര്‍ദ്ദിച്ചിരുന്നു. ഇതിനാല്‍ തന്നെ കേസില്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും എന്നാണ് സൂചന.
അതേസമയം ശ്രീജിത്തിന്‍റെ മരണകാരണമായ മര്‍ദ്ദനം എവിടെ വച്ചു നടന്നു എന്നതാണ് പ്രത്യേക അന്വേഷണസംഘത്തെ കുഴക്കുന്ന ചോദ്യം. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുന്പോള്‍ ആര്‍ടിഎഫുകാരും പിന്നീട് വാരാപ്പുഴ സ്റ്റേഷനില്‍ വച്ച് എസ്ഐ ദീപകിന്‍റെ നേതൃത്വത്തില്‍ പോലീസുകാരും ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടുണ്ട്. പോലീസ് വാഹനത്തില്‍ വച്ചും ഇയാള്‍ക്ക് മര്‍ദ്ദനമേറ്റതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണകാരണം കണ്ടെത്താന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം അന്വേഷണസംഘം തേടിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam