മഹാസ്‌ഫോടനത്തിലും തകരാത്ത ഓര്‍മ്മച്ചിത്രങ്ങള്‍

By Varun RameshFirst Published Apr 11, 2016, 2:40 PM IST
Highlights


വെടിക്കെട്ടപകടത്തില്‍ സാരമായി കേടുപാടുകള്‍ സംഭവിച്ച വീടാണ് ക്ഷേത്രത്തിനടുത്തുള്ള നിര്‍മ്മലയുടേത്. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ദേവിയുടെ ആടയാഭരണങ്ങള്‍ സൂക്ഷിക്കുന്ന കൊട്ടാരത്തിന് പിന്‍വശമാണ് നിര്‍മ്മലയുടെ വീട്. വെടിക്കെട്ട് നടന്ന അമ്പലത്തിനും വീടിനുമിടയില്‍ കൊട്ടാരമുണ്ടായതുകൊണ്ടുമാത്രമാണ് ഈ വീട് പൂര്‍ണമായും നശിക്കാതിരുന്നത്. 

ഭാഗികമായി തകര്‍ന്ന കൊട്ടാരത്തിന് മുകളില്‍ കയറിയപ്പോഴാണ് നിര്‍മലയുടെ വീടിന് പറ്റിയ നാശത്തിന്റെ ആഘാതം മനസ്സിലായത്. വീടിന്റെ മേല്‍ക്കൂരയിലെ ഓടുകളും പട്ടിക കഷ്ണങ്ങളുമെല്ലാം ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജനലുകളും വാതിലുകളും തകര്‍ന്ന് താഴെ വീണിരിക്കുന്നു. 

കൊട്ടാരത്തിന് മുകളില്‍ നിന്ന് ആ ദുരന്ത ചിത്രം പകര്‍ത്തി താഴെയിറങ്ങുമ്പോള്‍ കൂട്ടം കൂടി ആ വീട്ടിലേക്കെത്തിയ ജനങ്ങളെ പോലീസ് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. വിണ്ടുകീറിയ ആ വീട് എപ്പോള്‍ വേണമെങ്കിലും നിലംപൊത്താം. ചെറിയ ഒരു പേടിയോടെ ആ വീട്ടിലേക്ക് കയറി. കഴിഞ്ഞ രാത്രിയിലെ ആഘോഷത്തിന്റെ ബാക്കിയെന്നോണം വീടിന്റെ കോലായില്‍ നിരവധി ചെണ്ടകള്‍ കൂട്ടിയിട്ടിട്ടുണ്ട്. 

അകത്തെ മുറികളുടെയെല്ലാം മേല്‍ക്കൂരകള്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വീട്ടിലേക്ക് കയറിയപ്പോള്‍ നിര്‍മ്മല ഒറ്റയ്ക്കിരുന്ന് കരയുകയായിരുന്നു. വീടെല്ലാം പോയെന്നും ഇനി എങ്ങനെ ശരിക്കുമെന്നുമായിരുന്നു നിറകണ്ണുകളോടെ അവരുടെ ചോദ്യം. അടുക്കളയുടെ മേല്‍ക്കൂരയുടെ ഒരു ഭാഗം അടര്‍ന്ന് പോയിട്ടുണ്ട്. അടുക്കള നിറയെ മേല്‍ക്കൂരയില്‍ നിന്ന് വീണ ഓടുകളും മരക്കഷ്ണങ്ങളും. അടുക്കളയില്‍ സൂക്ഷിച്ച ചോറിലും കറികളിലുമെല്ലാം ഓട്ടിന്‍ കഷ്ണങ്ങളും പോടിയും നിറഞ്ഞിട്ടുണ്ട്.

ഒറ്റയ്ക്കാണ് നിര്‍മ്മലയുടെ താമസം. ഇത്ര അടുത്ത് അപകടമുണ്ടായിട്ടും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അപകടം നടന്ന സമയം മുതല്‍ പുറ്റിങ്ങല്‍ പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരുന്നു. അത് പുനഃസ്ഥാപിക്കാന്‍ ആവാത്തതുകാരണം ടാങ്കില്‍ വെള്ളം കയറ്റാനായിട്ടില്ല. വെള്ളം ഇല്ലാതായതോടെ പശുക്കള്‍ക്ക് ഒന്നും കൊടുക്കാനായിട്ടില്ലെന്നും അത് കരഞ്ഞുകൊണ്ടേയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. നിര്‍മ്മലയുടെ ഏക ആശ്രയമാണ് രണ്ട് പശുക്കള്‍. ഉഗ്രസ്‌ഫോടനത്തില്‍ പശുക്കളും അരണ്ടുപോയിട്ടുണ്ട്. 

ചെറിയ ശബ്ദം പോലും  പശുക്കളെ ഇപ്പോഴും പേടിപ്പിക്കുന്നുണ്ട്. ആ തൊഴുത്തിലേക്ക് നിര്‍മ്മലയ്‌ക്കൊപ്പം പോകുമ്പോഴും പശുക്കള്‍ പേടിച്ച് പിന്നോട്ട് പോകുന്നത് കാണാം. പശുത്തൊഴുത്തിനടുത്ത് ആരുടെയോ കട്ടപിടിച്ച രക്തം. ഒന്നിലധികം ചെരുപ്പുകള്‍. നോട്ടീസുകള്‍ എല്ലാ ചിതറിക്കിടക്കുന്നു. 

ഞാന്‍ വീണ്ടും പിന്നിലൂടെ വീടിന് അകത്തേക്ക് കയറി. അകത്ത് കിടപ്പുമുറിയില്‍ പൊടിനിറഞ്ഞ കട്ടിലില്‍ കടലാസുകളും തുണികളും കൂട്ടിയിട്ടിരിക്കുന്നു. അതിനിടയില്‍ ഭിത്തിയില്‍ നിന്ന് അടര്‍ന്നുവീണ ഒരു ഫോട്ടോ ഫ്രെയിം പൊടിപിടിച്ചു കിടക്കുന്നതുകണ്ടു. പൊട്ടാത്ത ചില്ലുകൂടിനുള്ളില്‍ നിറം മങ്ങിയ നിര്‍മ്മലയുടെ ബ്ലാക്ക് ആന്റ് വൈറ്റ് വിവാഹ ചിത്രങ്ങള്‍. ഒപ്പം അതേ ഫോട്ടോ ഫ്രെയിമിനുള്ളില്‍ ഒരു കളര്‍ ചിത്രം കണ്ടു. അത് പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ കഴിഞ്ഞ ഉത്സവകാലത്തിന്റേതായിരുന്നു. മഹസ്‌ഫോടനത്തിലും തകര്‍ന്നുപോകാത്ത രണ്ട് ചിത്രങ്ങള്‍. 

click me!