
കണ്ണൂര്‍: കീഴാറ്റൂർ വിഷയത്തിൽ ആവശ്യമെങ്കിൽ തലസ്ഥാനത്തേക്ക് കിസാൻസഭ മാതൃകയിൽ ലോങ്മാർച്ച് നടത്തുമെന്ന് വയൽക്കിളികൾ. എലിവേറ്റഡ് ഹൈവേയുടെ കാര്യത്തിലടക്കം സർക്കാരിന്റെ തുടർനടപടികൾക്കായി കാത്തിരിക്കുകയാണെന്ന് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. അലൈൻമെന്റ് മാറ്റുന്നതിനോട് പ്രാദേശിക കോൺഗ്രസ് നേതൃത്വം പ്രതിഷേധം ഉയർത്തുമെന്നതിനാൽ നിലപാടെടുക്കാനാകാതെ പ്രതിസന്ധിയിലാണ് കോൺഗ്രസും യുഡിഎഫും.
സമരപ്പന്തൽ പുനഃസ്ഥാപിച്ച് തുടർ സമരം പ്രഖ്യാപിച്ചെങ്കിലും പ്രത്യക്ഷ സമരം ഉടനെയില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്നതിനാൽ സർക്കാരിന്റെയോ സി.പി.എമ്മിന്റെയോ ഭാഗത്ത് നിന്ന് കടുത്ത നീക്കങ്ങളും ഉടനെ ഉണ്ടാകാനിടയില്ല. കാവൽപ്പുര സമരം സി.പി.എം ഇതുവരെ തുടങ്ങിയിട്ടുമില്ല. എല്ലാം കണക്കിലെടുത്ത് കാത്തിരുന്ന ശേഷം അടുത്ത പടിയെന്നാണ് വയൽക്കിളികളുടെ തീരുമാനം.
സംസ്ഥാനത്തുടനീളം സമാന സ്വഭാവമുള്ള സമരങ്ങൾക്ക് കരുത്ത് പകരാനുള്ള കൂട്ടായ്മയായി കീഴാറ്റൂരിലുണ്ടായ ബഹുജന മാർച്ച് മാറുമോയെന്നതാണ് ഇനിയുള്ള ഘട്ടത്തിൽ ശ്രദ്ധേയം. മാർച്ചിലുണ്ടായ പങ്കാളിത്തത്തെ, പരിസ്ഥിതി പ്രവർത്തകർക്കൊപ്പം ബി.ജെ.പി -എസ്.ഡി.പി.ഐ സാന്നിധ്യം കാട്ടി പ്രതിരോധിക്കാനാകും സി.പി.എം ശ്രമം. നിലവിലുള്ള ദേശീയപാത വികസിപ്പിക്കുന്ന തരത്തിൽ കേന്ദ്ര ഇടപെടൽ ഉറപ്പു നൽകിയ ബി.ജെ.പിയുടെ നീക്കങ്ങളും കാത്തിരുന്നു കാണണം. അതേസമയം മാർച്ചിൽ വി.എം സുധീരൻ പങ്കെടുത്തെങ്കിലും നിലപാട് പോലും പ്രഖ്യാപിക്കാതെ യുഡിഎഫ് സംഘം മടങ്ങിയത് യു.ഡി.എഫിലെ ആശയക്കുഴപ്പം വ്യക്തമാക്കിയിരുന്നു.
അലൈൻമെന്റ് മാറ്റമെന്ന നിർദേശം മുന്നോട്ട് വെച്ചാൽപ്പോലും പ്രാദേശികതലത്തിൽ കൈപൊള്ളുമെന്നതിനാൽ ഭാവി കൂടി കണക്കിലെടുത്ത് ആലോചിച്ചുറപ്പിച്ച തീരുമാനമാകും ഇക്കാര്യത്തിൽ യു.ഡി.എഫ് എടുക്കുക. ഏതായാലും കീഴാറ്റൂരിൽ വയൽക്കിളികളുൾപ്പെടുന്ന വിശാല കൂട്ടായ്മയും സർക്കാരിനെ നയിക്കുന്ന സി.പി.എമ്മും തമ്മിൽ നേർക്കുനേർ പോര് തൽക്കാലം ശമിക്കുന്നുവെന്നാണ് കണക്കാക്കേണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam