തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പാർട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് 2023 ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിഷ്കർഷിച്ച യോഗ്യതയാണ് ചോദ്യം ചെയ്തതാണ് ഹർജി.
ദില്ലി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് അഖില കേരള തന്ത്രി സമാജം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പാർട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് 2023 ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിഷ്കർഷിച്ച യോഗ്യതയാണ് ചോദ്യം ചെയ്തതാണ് ഹർജി. നേരത്തെ കേരള ഹൈക്കോടതി ദേവസ്വം ബോർഡും കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോർഡും അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിക്കാം എന്ന് വിധിച്ചിരുന്നു.
എന്നാൽ, താന്ത്രിക വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ വിലയിരുത്താനും അംഗീകാരം നൽകാനും ഉള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇല്ലെന്നാണ് അഖില കേരള തന്ത്രിസമാജത്തിന്റെ വാദം. പാരമ്പര്യ തന്ത്രിമാർ നൽകുന്ന സർട്ടിഫിക്കറ്റ് അംഗീകൃത രേഖയായി പരിഗണിക്കണമെന്നും ഹർജിയിൽ പറയുന്നു. പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ പൂജ പഠിച്ചവരെയെ പാർട്ട് ടൈം ശാന്തിമാരായി നിയമിക്കാവൂയെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഖില കേരള തന്ത്രി സമാജത്തിനായി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, വി ശ്യാം മോഹൻ എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
