
കണ്ണൂര്‍: കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് തന്നെ. ബൈപ്പാസ് നിർമ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിച്ചു. രേഖകളുമായി ഉടമകൾ ഹാജാരാകാനാണ് വിജ്ഞാപനത്തിലെ നിർദ്ദേശം. ജനുവരി 11 വരെയാണ് രേഖകളുമായി ഹാജരാകാനുള്ള സമയം. കീഴാറ്റൂരിലെ പരിസ്ഥിതി സംരക്ഷണ സംഘടനയായ വയൽക്കിളികളുടെ ശക്തമായ പ്രക്ഷോഭ സമരത്തെ തുടർന്ന് ബന്ദൽ പാത പരിഗണിക്കാൻ വരെ ആലോചിച്ച ശേഷമാണ് കേന്ദ്ര സർക്കാർ പഴയ അലൈൻമെന്റുമായി മുന്നോട്ട് പോകുന്നത്.
വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി അലൈൻമെന്‍റ് പുതുക്കണമെന്ന വയൽക്കിളികളുടെയും ബി.ജെ.പി നേതാക്കളുടെയും ആവശ്യം പരിഗണിച്ച് കീഴാറ്റൂരിൽ ബദൽ പാതയുടെ സാധ്യത തേടാൻ പുതിയ സാങ്കേതിക സമിതിയെ നിയോഗിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഈ ഉറപ്പുകളെല്ലാം പാഴാവുകയാണ്. പഴയ അലൈൻമെന്‍റുമായിത്തന്നെ മുന്നോട്ടു പോകുമെന്ന് കേന്ദ്രഗതാഗതമന്ത്രാലയം മുന്നോട്ടുപോകുന്നതോടെ കീഴാറ്റൂരിൽ ബിജെപിയുടേത് വെറും രാഷ്ട്രീയ ലാഭം കണ്ടുള്ള സമരമായിരുന്നെന്ന് ആരോപണമുയരും.
നേരത്തെ വയൽക്കിളികൾ നടത്തി വന്ന സമരം സംസ്ഥാന സർക്കാരിനെ നേരെ തിരിഞ്ഞതോടെ സമരക്കാർക്കെതിരെ സിപിഎം രംഗത്തു വന്നിരുന്നു. പാർട്ടി സമ്മർദ്ദത്തെ തുടർന്ന് സമരമുഖത്തുണ്ടായിരുന്ന പ്രവർത്തകരും അനുഭാവികളും പിന്തിരിഞ്ഞെങ്കിലും സമരത്തിന് നേതൃത്വം നൽകിയ സുരേഷ് കീഴാറ്റൂരും സംഘവും പാർട്ടി വിലക്ക് ലംഘിച്ചു മുന്നോട്ട് പോകുകയായിരുന്നു. ഈ ഘട്ടത്തിലാണ് വയൽക്കിളികൾക്ക് പിന്തുണയുമായി ബിജെപി രംഗത്തു വരുന്നതും ബദൽ പാതയ്ക്കുള്ള സാധ്യത പരിഗണിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കിയതും.
പാത കീഴാറ്റൂരിലൂടെ കടന്ന് പോകുന്നത് പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നും മറ്റ് ബദലുകൾ ഇല്ലെങ്കിൽ മാത്രമേ ഈ അലൈൻമെന്‍റ് പരിഗണിക്കാവൂ എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. എന്നെല്ലാം ഇതെല്ലാം തള്ളിയാണ് ഇപ്പോൾ ഗതാഗതമന്ത്രാലയത്തിന്റെ പുതിയ നീക്കം.
കീഴാറ്റൂരില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ വഞ്ചിച്ചെന്ന് തങ്ങളെ ഒരു പോലെ വഞ്ചിച്ചെന്ന് പദ്ധതിക്കെതിരെ തുടക്കം മുതൽ സമരമുഖത്തുണ്ടായിരുന്ന വയൽക്കിളികൾ പ്രതികരിച്ചു. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും വയൽക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഒരു നോട്ടിഫിക്കേഷൻ കടലാസ് കൊണ്ട് സമരം അവസാനിക്കില്ലെന്ന് പറഞ്ഞ സുരേഷ് കീഴാറ്റൂര്‍ ബിജെപി തനി സ്വഭാവം കാണിച്ചുവെന്ന് കുറ്റപ്പെടുത്തി. സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സഖാക്കൾ തന്നെ വരും നാളുകളിൽ സമരത്തിന് ഇറങ്ങാതിരിക്കാൻ സിപിഎം ശ്രമിച്ചാൽ മതിയെന്നും സുരേഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു.
അലൈൻമെന്‍റ് മാറ്റുമെന്ന കള്ളപ്രചാരണവും വാഗ്ദാനവും നൽകി വയൽക്കിളികളെയും കീഴാറ്റൂരിലെ ജനങ്ങളെയും ബിജെപി വഞ്ചിച്ചെന്ന് സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി പി.ജയരാജൻ പറഞ്ഞു. ബിജെപി വഞ്ചിച്ചെന്ന് വയൽക്കിളികൾ കേരളത്തോട് തുറന്ന് സമ്മതിക്കണം. ഒരു വികസനവിഷയത്തെ സംഘപരിവാർ ഒരു വശത്തും ജമാ അത്തെ ഇസ്ലാമി മറുവശത്തും നിന്ന് ദുരുപയോഗം ചെയ്തതിന്‍റെ ഏറ്റവും പുതിയ അധ്യായമാണിതെന്നും പി.ജയരാജൻ പറഞ്ഞു.
പാരിസ്ഥിതികാഘാതപഠനമുൾപ്പടെ എല്ലാം നടത്തിയ ശേഷമാണ് കീഴാറ്റൂരിൽ ബൈപ്പാസ് അലൈൻമെന്‍റ് നിശ്ചയിച്ചത്. എന്നാൽ ബിജെപിയുടെ പ്രചാരണം ഈ അലൈൻമെന്‍റ് മാറ്റുമെന്നായിരുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടി വയൽക്കിളികൾക്ക് സംഘപരിവാർ പിന്തുണ നൽകി. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ പാലിയ്ക്കാനുള്ളതല്ലെന്ന ബിജെപിയുടെ നിലപാട് തെളിയിക്കപ്പെട്ടു.
സമവായത്തിന്‍റെ അടിസ്ഥാനത്തിലാണ് പലയിടത്തും ബൈപ്പാസ് കൊണ്ടുവരാൻ നിശ്ചയിച്ചത്. കീഴാറ്റൂരിൽ ഭൂരിഭാഗം ജനങ്ങളും ബൈപ്പാസിനെതിരല്ല. പാർട്ടിയോട് അനുഭാവമുള്ള പലരും കാര്യങ്ങൾ മനസ്സിലാക്കി ഭൂമി വിട്ടു നൽകാൻ സമ്മതിച്ചതാണ്. വയൽക്കിളികളുടെ നേതൃത്വത്തിലുള്ള ചിലർ മാത്രമാണ് സമരത്തിൽ തുടരുന്നത്. വികസനവുമായി സഹകരിയ്ക്കാൻ വയൽക്കിളി
'ഒരു വശത്ത് ജമാ അത്തെ ഇസ്ലാമിയും മറുവശത്ത് സംഘപരിവാറുമാണ് കീഴാറ്റൂർ സമരത്തിന് പിന്തുണ നൽകിയത്. ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമം 'കീഴാറ്റൂരിൽ സിംഗൂർ ആവർത്തിയ്ക്കുമോ?' എന്ന് പോലും എഴുതി. ഇപ്പോൾ ഇരുകൂട്ടരും ചെയ്തതെന്താണ്? വയൽക്കിളികൾ തുറന്ന് പറയണം.' പി.ജയരാജൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam