
തൊടുപുഴ: സിനിമയെടുത്ത് നഷ്ടത്തിലായതിനെത്തുടർന്ന് വാഹനമോഷണത്തിനിറങ്ങിയ തമിഴ് ചലച്ചിത്ര നിർമ്മാതാവും കൂട്ടാളിയും പൊലീസിന്റെ പിടിയിലായി. കോഴി കൂവത് എന്ന ചിത്രത്തിന്റെ നിർമ്മാതാവും നാഗർകോവിൽ സ്വദേശിയുമായ നാഗരാജുവും സഹായി രമേശനുമാണ് തൊടുപുഴയിൽ അറസ്റ്റിലായത്. സംഘത്തിലെ 3 പേർ നേരത്തെ പിടിയിലായിരുന്നു.
2012ൽ പുറത്തിറങ്ങിയ കോഴി കൂവത് എന്ന തമിഴ് സിനിമയുടെ നിർമ്മാതാവ് നാഗരാജു. സിനിമ എട്ടുനിലയില്‍ പൊട്ടി. നാഗരാജുവിന്‍റെ നഷ്ടം മൂന്നരക്കോടിയിലേറെ. നാഗർകോവിലിലെ വീടും സ്ഥലവും ബ്ലേഡുകാരും കൊണ്ടുപോയി. അങ്ങനെയാണ് നാഗരാജു വാഹനമോഷണത്തിന് ഇറങ്ങുന്നത്.
തൊടുപുഴക്ക് സമീപം വണ്ടമറ്റം, കരിങ്കുന്നം, കല്ലൂർക്കാട് എന്നിവിടങ്ങളിൽനിന്ന് പിക്ക് അപ്പ് വാനുകൾ മോഷ്ടിച്ച കേസിലാണ് നാഗരാജുവും സഹായി കണ്ണൂർ ഇരിട്ടി സ്വദേശി രമേശനും ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. സംഘത്തിൽപ്പെട്ട പാലക്കാട് മണ്ണാർക്കാട് സ്വദേശി സണ്ണി, പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ബിഞ്ചു, ശിവശങ്കരപ്പിള്ള എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാഗരാജുവും സഹായിയും പിടിയിലായത്.
സണ്ണിയും ബിഞ്ചുവും ചേർന്നായിരുന്നു വാഹനങ്ങൾ മോഷ്ടിച്ചിരുന്നത്. നാഗരാജുവും രമേശനും ശിവശങ്കരപ്പിള്ളയും ചേർന്ന് തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തെത്തിച്ച് വാഹനം പൊളിക്കും. കരിങ്കുന്നത്തുനിന്നും കല്ലൂർക്കാടുനിന്നും മോഷ്ടിച്ച വാഹനങ്ങൾ പൊളിച്ച നിലയിലാണ് കണ്ടെത്തിയത്. വണ്ടമറ്റം ഐസ്ക്രീം നിർമ്മാണ കേന്ദ്രത്തിൽനിന്ന് തട്ടിയെടുത്ത പിക്ക് അപ്പ് വാൻ പുതിയതായിരുന്നതിനാൽ കൂടിയ വിലക്ക് വിൽക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് പാലക്കാട് കൊഴിഞ്ഞാംപാറയിൽനിന്നും നാഗരാജുവിനെയും സഹായിയെയും വാഹനം സഹിതം തൊടുപുഴ കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിലെ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. തൊടുപുഴ DySP ജി വേണുവിന്റെ മേൽനോട്ടത്തിൽ തൊടുപുഴ CI എൻ. ശ്രീമോൻ, കാളിയാർ CI അഗസ്റ്റിൻ മാത്യു, കാളിയാർ SI സഞ്ജയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam