ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാരിന് നിരുപാധിക പിന്തുണയുമായി എസ്എന്‍ഡിപി

Published : Oct 09, 2018, 11:46 AM ISTUpdated : Oct 09, 2018, 12:14 PM IST
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാരിന് നിരുപാധിക പിന്തുണയുമായി എസ്എന്‍ഡിപി

Synopsis

ശബരിമല വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധനങ്ങള്‍ക്കെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്‍.  ശബരിമല വിധിയെ അംഗീകരിക്കാൻ നമ്മള്‍ ബാധ്യസ്ഥരാണ്. വിധിയെ പ്രവൃത്തികൊണ്ട് മറികടക്കണം

ആലപ്പുഴ: ശബരിമല വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധനങ്ങള്‍ക്കെതിരെ എസ്എന്‍ഡിപി  വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിധിയെ അംഗീകരിക്കാൻ നമ്മള്‍ ബാധ്യസ്ഥരാണ്. വിധിയെ പ്രവൃത്തികൊണ്ട് മറികടക്കണം. സ്ത്രീകൾ പോകരുത്. വിധിക്കെതിരായ പ്രതിഷേധം ശരിയല്ല . രാജ്യത്തെ ഭ്രാന്താലയമാക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചോൾ തന്ത്രി കുടുംബം മാറി നിന്നത് മാന്യതയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ബിജെപിയായായലും കോൺഗ്രസും വാക്കുമാറ്റി പറയുകയാണ്. ഈ അക്കൗണ്ടിൽ പത്താളെ കിട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. അത് മനസിലാക്കാനുള്ള വിവേകം ഹിന്ദുത്വം പറഞ്ഞുനടക്കുന്നവർക്ക് ഇല്ല. കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊണ്ട് തെരുവിലിറങ്ങുന്നതിന് മുമ്പ് ഹിന്ദു സംഘടനാ നേതാക്കളെ വിളിച്ചു കൂട്ടേണ്ടതായിരുന്നു. ഇതിന് പിന്നിലൊരു അജണ്ടയുണ്ട്. തമ്പ്രാക്കൻമാർ തീരുമാനിച്ചു, അടിയാൻമാർ പുറകെ ചെന്നോളണം എന്ന സമീപനം അംഗീകരിക്കാനാകില്ല. അത് മാന്യതയില്ലാത്ത നടപടിയായിപ്പോയി. ഇതിനെല്ലാം എണ്ണയൊഴിച്ചുകൊടുത്തത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പ്രസി‍ഡന്‍റ് പത്മകുമാറാണ്. നിലപാടും നിലവാരവും ഇല്ലാത്ത ദേവസ്വം ബോർഡ് പ്രസിഡന്‍റാണ് പത്മകുമാർ.

സർക്കാരിന് റിവ്യൂ ഹർജി കൊടുക്കാനാകില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ സ‍ർക്കാർ വച്ച ദേവസ്വം ബോർ‍ഡ് പ്രസിഡന്‍റിന് സർക്കാർ നയത്തിനെതിരെ എങ്ങനെ സംസാരിക്കാനാകും? ദിവസവും നിലപാട് മാറ്റിപ്പറഞ്ഞ് സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ പത്മകുമാർ പരമാവധി എണ്ണയൊഴിച്ചുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം എൻഎസ്എസിന്‍റെ ആളാണോ പാ‍ർട്ടിയുടെ ആളാണോ എന്ന് അറിയില്ല. അങ്ങോട്ടും രണ്ട് വഞ്ചിയിൽ കാലുവയ്ക്കുന്ന, ഇടതുപക്ഷത്തിന്‍റെ കൂടെ നിന്ന് കുതികാല് ചവിട്ടുന്ന പത്മകുമാർ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് മാർച്ച് ചെയ്ത യുവമോർച്ച പ്രവർത്തകർക്ക് താൻ ഓരോ മഞ്ഞ പൂക്കൾ കൊടുക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയുടെ പ്രശ്നം പറഞ്ഞ് ഹിന്ദുക്കൾ തമ്മിൽ തല്ലുന്നത് എന്തിനാണ്?സുപ്രീം കോടതി നിലപാടിനെതിരെ സർക്കാരിന് എന്ത് ചെയ്യാനാകും? സർക്കാരിനെതിരെ നുണ പറഞ്ഞുപറഞ്ഞ് സത്യമാക്കാനുള്ള ഗീബൽസിയൻ ശ്രമമാണ് ചിലർ നടത്തുന്നത്. പുനഃപരിശോധനാ ഹർജി കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കുമെങ്കിൽ അത് നൽകിയാൽ പോരേ? സർക്കാരിന്‍റെ നിലപാട് വ്യക്തമാണ്. വിശാല മനസോടെ തുറന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഹിന്ദുക്കൾ സമരത്തിനിറങ്ങി എന്നാണ് എല്ലാവരും പറയുന്നത്. തന്ത്രികുടുംബവും പന്തളം രാജകുടുംബവും എൻഎസ്എസും മാത്രമല്ല ഹിന്ദുക്കൾ. സർക്കാർ കണക്ക് പ്രകാരം കേരളത്തിൽ 28 ശതമാനം ഈഴവരുണ്ട്. ഈഴവരെയോ പട്ടികജാതി, പട്ടികവർഗ്ഗ, ധീവര സമുദായത്തെയോ ഒന്നും വിളിച്ച് ഹിന്ദുക്കളുടെ പേരിലുള്ള സമരത്തെക്കുറിച്ച് ആരും ആലോചിച്ചിട്ടില്ല. ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായ ആഹ്വാനപ്രകാരം ഉണ്ടായ സമരം മാത്രമാണ് നടക്കുന്നത്. അടുത്ത വിമോചന സമരം നടത്താമെന്നാണോ ഇവരുടെ വിചാരം? അങ്ങനെയെങ്കിൽ ഈ പൊള്ളത്തരത്തിനെതിരായി സമാന ചിന്താഗതിക്കാരുമായി ആലോചിച്ച് കേരളം മുഴുവൻ വിശദീകരിച്ച് പ്രകടനം നടത്തുന്നതിനെക്കുറിച്ച് എസ്എൻഡിപി യോഗത്തിന് ആലോചിക്കേണ്ടിവരും.

ശബരിമലയിലെ ആചാരങ്ങളിൽ ഇതിനുമുമ്പും മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് ജീവനക്കാരിൽ 96 ശതമാനവും സവർണ സമുദായക്കാരാണ്. പിന്നോക്കക്കാരും പട്ടികജാതിക്കാരുമായി വെറും നാല് ശതമാനം പേരാണ്. ശബരിമലയിലെ പരമ്പരാഗത ആചാരമായ വെടിവഴിപാട് മുഹമ്മ ചീരപ്പൻ ചിറയിലെ സുശീല ഗോപാലന്‍റെ വീട്ടുകാരിൽ നിന്ന് സവർണ്ണസമുദായക്കാർ പിടിച്ചെടുത്തു. മകരജ്യോതി തെളിയിക്കുന്നതിനുള്ള പരമ്പരാഗത അവകാശം ആദിവാസികളിൽ നിന്ന് പിടിച്ചെടുത്തു. ഇതിനെതിരെ ആരും പ്രക്ഷോഭത്തിന് പോയില്ല. ശബരിമലയിൽ സ്ത്രീകളെ പ്രവേശിക്കാതായത് 1991 മുതൽ മാത്രമാണ്. സ്ത്രീകൾ ശബരിമലയിൽ കയറി വഴിപാട് നടത്തുന്നതിന്‍റേയും കുഞ്ഞുങ്ങളുടെ ചോറൂണ് ചടങ്ങ് നടത്തുന്നതിന്‍റേയും ചിത്രങ്ങളുണ്ട്. സ്ത്രീപ്രവേശനം നിയമം മൂലം തടഞ്ഞപ്പോൾ അത് ഇല്ലാതെയായി. ഇപ്പോൾ പുതിയൊരു നിയമം വന്നു. അതിന് ഞങ്ങളാരും എതിരല്ല. ഇതിന്‍റെ പേരിൽ കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ജാഥയും പ്രകടനവും നടത്തി സ‍ർക്കാരിനെ മുട്ടുകുത്തിക്കാൻ ചിലർ കച്ചവടമുറപ്പിക്കാനുള്ള ശ്രമത്തോട് യോജിക്കാനാകില്ല. സർക്കാർ അവരുടെ നിരപരാധിത്വം വളരെ വ്യക്തമായി പറഞ്ഞുകഴിഞ്ഞു. സർക്കാരിന് പുനഃപരിശോധനാ ഹർജി നൽകാനാകാത്ത സാഹചര്യമാണെന്ന് പത്രം വായിച്ചാൽ അറിയാം. ആരും പുനഃപരിശോധനാ ഹർജി നൽകുന്നതിന് സർക്കാർ എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഹിന്ദു പണ്ഡിതരായ ആളുകളുടെ അഭിപ്രായം കൂടി പരിഗണിച്ചുവേണം തീരുമാനം എടുക്കാനെന്നാണ് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയത്. സർക്കാരിന്‍റെ ആ അഭിപ്രായം വരെ സുപ്രീം കോടതി തള്ളി എന്ന കാര്യം എന്താണ് മനസിലാക്കാത്തത്. ഒരുവശം മാത്രം പറഞ്ഞ് നശിപ്പിക്കണം എന്ന് മാത്രമാണ് ചിലരുടെ ആഗ്രഹം. പിണറായി സർക്കാർ വന്നതിന് വന്നതിന് ശേഷം മാത്രമാണ് എല്ലാ ആനുകൂല്യങ്ങളും സമുദായത്തിന് കിട്ടിയത് എന്ന് പറഞ്ഞ നേതാക്കൻമാർ തന്നെയാണ് ഇപ്പോൾ നശിപ്പിക്കാൻ നടക്കുന്നത്. സർക്കാരിനെതിരായ സമരമുഖത്തേക്ക് വരാൻ എന്തായാലും എസ്എൻഡിപി ഇല്ല.

തന്ത്രികുടുംബവും രാജകുടുംബവും ചർച്ചക്ക് തയ്യാറല്ല എന്ന് സർക്കാരിനെ അറിയിച്ചു. കേരളത്തിലുള്ള മറ്റ് ഹിന്ദുസമുദായങ്ങളെ ചർച്ചക്ക് വിളിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. എൻഎസ്എസും ക്ഷേത്രം ഉപദേശകസമിതിയുമാണ് ജനങ്ങളെ തെരുവിലിറക്കുന്നത്. ഹീന്ദുക്കളുടെ ഏജൻസി ഏറ്റെടുക്കാൻ ക്ഷേത്രം ഉപദേശികസമിതികൾ ആരാണെന്നും വെള്ളാപ്പള്ളി ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളടക്കം പോയി', പിന്നിൽ വൻ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്കും വിമർശനം
അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്