
കൊല്ലം: തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമത്തിന് പിന്നിൽ സവർണ്ണ ലോബി തന്നെ ആയിരുന്നുവെന്ന് ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ എടുത്ത നിലപാടുകളെ പിന്തുണച്ച വെള്ളാപ്പള്ളി നടേശൻ ബി ജെ പിക്കും കോൺഗ്രസിനും എൻ എസ് എസിനും എതിരെ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യമുണ്ട്. അയ്യപ്പസംഗമത്തിന് പോകാതിരുന്ന തന്റെ നിലപാട് ശരിയായിരുന്നുവെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു.'ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണ്' ശബരിമല സമരത്തിന് പിന്നിൽ. ദേവസ്വം ബോർഡുകളിലും തൊണ്ണൂറ്റഞ്ച് ശതമാനം ക്ഷേത്രങ്ങളിലും സവർണ്ണാധിപത്യമാണ്. തമ്പ്രാക്കൻമാരെന്ന് സ്വയം കരുതുന്നവർ ആണ് സമരത്തിന് പിന്നിൽ.
പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾ ശബരിമലയിൽ കയറില്ലെന്ന് സ്വയം തീരുമാനിക്കേണ്ടതാണ്. അതിന്‍റെ പേരിൽ സമുദായത്തിൽ നിന്നാരും കലഹത്തിനിറങ്ങരുത്. അത് സവർണരുടെ പ്രശ്നമാണെന്നും തങ്ങൾക്ക് അതിനേക്കാൾ വലിയ പ്രശ്നങ്ങളുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് കേരള സർക്കാർ ചെയ്തത്. കോൺഗ്രസിനും ബിജെപിക്കും ശബരിമല വിഷയത്തിൽ നിലപാടില്ല. എന്നിരുന്നാലും, ഈ പ്രചാരണത്തിൽ ബിജെപി നേട്ടമുണ്ടാക്കും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല, എന്നാൽ കോൺഗ്രസിന്റെ സർവനാശമാണ് സംഭവിക്കാൻ പോകുന്നത്. പൊതുജനം കഴുതയാണെന്ന് ആരും കരുതരുതെന്നും കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam