എനിക്ക് നിലപാടുണ്ട്, നിലപാടില്ലാത്തത് ബിജെപിക്കും കോൺഗ്രസിനും: വെള്ളാപ്പള്ളി

By Web TeamFirst Published Jan 22, 2019, 1:31 PM IST
Highlights

കോൺഗ്രസും ബിജെപിയും ശബരിമല വിധിയെ സ്വാഗതം ചെയ്തവരാണ്. എന്നിട്ട് ടെലിവിഷൻ ചർച്ചകളിൽ പോയിരുന്ന് തന്നെ 'നിലപാട് ഇല്ലാത്തവൻ' എന്ന് വിളിക്കുന്നു. ശബരിമല വിഷയത്തിൽ ഇവർക്ക് ഒറ്റയെണ്ണത്തിന് നിലപാടില്ല. 

കൊല്ലം: ശബരിമല വിഷയത്തിൽ നിലപാടുള്ളത് തനിക്ക് മാത്രമാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധി വന്നപ്പോൾ രണ്ടുകയ്യും പൊക്കി സ്വാഗതം ചെയ്തവരാണ് കോൺഗ്രസുകാരും ബിജെപിക്കാരും. രാഷ്ട്രീയമായി ഉപയോഗിക്കാവുന്ന വിഷയമാണ് എന്നു കണ്ടപ്പോൾ അവർ നിലപാട് മാറ്റിമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കോൺഗ്രസും ബിജെപിയും ജനങ്ങളുടെ മറവിയെ ഉപയോഗപ്പെടുത്തുകയാണ്.  എന്നിട്ട് ടെലിവിഷൻ ചർച്ചകളിൽ പോയിരുന്ന് തന്നെ നിലപാട് ഇല്ലാത്തവൻ എന്ന് വിളിക്കുന്നു. ശബരിമല വിഷയത്തിൽ ഇവർക്ക് ഒറ്റയെണ്ണത്തിന് നിലപാടില്ല. നിലപാടുള്ളത് തനിക്ക് മാത്രമാണ്. താൻ ഉള്ളതേ പറയൂ, ഒത്ത് പറയില്ല. സർക്കാരിന്റെ കുറവുകൾ കാണുമ്പോൾ വിമർശിക്കുന്നതും നിലപാട് ഉള്ളതുകൊണ്ടാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

ബിജെപിയും കോൺഗ്രസും ശബരിമലയുടെ പേരിൽ ജനത്തെ മണ്ടൻമാരാക്കുകയാണ്. സ്ത്രീ പ്രവേശന വിധിയെ സ്വാഗതം ചെയ്ത ബിജെപി പിന്നീട് രാജാവിനേയും തന്ത്രിയേയും ചങ്ങനാശ്ശേരിക്കാരനെയും കൂട്ടി സമരം തുടങ്ങി. ആത്മീയ നേതാക്കളെ ഉപയോഗിച്ച് സമരത്തെ മാർക്കറ്റ് ചെയ്തു. ശബരിമല വിഷയത്തെ രാഷ്ട്രീയവൽക്കരിച്ചു. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസും ശബരിമല വിഷയം ആളിക്കത്തിച്ചു. പക്ഷേ ലക്ഷ്യം തുറന്നു പറയാനുള്ള ആത്മാർത്ഥത എങ്കിലും ബിജെപി കാണിച്ചു. ശബരിമലയല്ല, രാഷ്ട്രീയമാണ് വിഷയം എന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് പി എസ് ശ്രീധരൻപിള്ള തുറന്നുപറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമം സവർണ്ണരുടെ കൂട്ടായ്മ ആയിരുന്നു. അയ്യപ്പ സംഗമം എന്ന പേരിൽ നടന്നത് രാഷ്ട്രീയ യോഗം തന്നെ ആയിരുന്നു എന്ന് വെള്ളാപ്പള്ളി ആവർത്തിച്ചു.

പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതി എടുക്കുന്ന തീരുമാനമെങ്കിലും ശാശ്വതമാണ് എന്ന് ബിജെപിയും കോൺഗ്രസും അംഗീകരിക്കണം. പൊതുജനത്തെ എല്ലാക്കാലത്തും മണ്ടൻമാരാക്കരുത്. സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഭരണഘടനാപരമായ കടമയാണ് സംസ്ഥാന സർക്കാർ ചെയ്തത്. ഈ വിവാദങ്ങൾ ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും, പക്ഷേ ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.  കോൺഗ്രസിന്റെ നല്ലൊരു ഭാഗം വോട്ടുകൾ ബിജെപിക്ക് ചെല്ലും. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സർവനാശം സംഭവിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
 

click me!