നടപ്പാക്കുന്നത് പിന്നോക്കക്കാരോടുള്ള അവഗണന; സാമ്പത്തിക സംവരണത്തിനെതിരെ വെള്ളാപ്പള്ളി

By Web TeamFirst Published Jan 7, 2019, 10:19 PM IST
Highlights

 ഭരണഘടന പിന്നോക്ക വർഗ്ഗത്തിനാണ് സംവരണം നൽകിയതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുന്നോക്കക്കാരിലെ പിന്നോക്കക്ക‌ാരെ സഹായിക്കുന്നതിൽ എസ്എൻഡിപി എതിരല്ല

തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കുന്നത് പിന്നോക്കക്കാരോടുള്ള അവഗണനയെന്ന് വെള്ളാപ്പള്ളി നടേശൻ. ഭരണഘടന പിന്നോക്ക വർഗ്ഗത്തിനാണ് സംവരണം നൽകിയതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുന്നോക്കക്കാരിലെ പിന്നോക്കക്ക‌ാരെ സഹായിക്കുന്നതിൽ എസ്എൻഡിപി എതിരല്ലെന്ന് വിശദമാക്കിയ വെള്ളാപ്പള്ളി നടേശന്‍ കേന്ദ്രസർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. 

പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയിരുന്നു. എല്ലാ മതങ്ങളിലെയും മുന്നോക്കവിഭാഗങ്ങൾക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.  നാളെ പാർലമെൻറിൻറെ ശീതകാല സമ്മേളനം അവസാനിക്കാനിരിക്കെ അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തി സംരവണ ബില്ലിന് അംഗീകാരം നല്കിയത്. 

സർക്കാർ ജോലികളിൽ പത്തു ശതമാനം മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് മാറ്റിവയ്ക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സാമ്പത്തിക സംവരണം മാനദണ്ഡമാകും. എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ള മുന്നോക്ക വിഭാഗക്കാർക്ക് സംവരണത്തിൻറെ ആനുകൂല്യം കിട്ടും. സംവരണം അമ്പതു ശതമാനത്തിൽ കൂടരുതെന്ന കോടതിവിധികൾ നിലവിലുണ്ട്. അമ്പതിൽ നിന്ന് അറുപതായി സംവരണം കൊണ്ടുവരാനും സാമ്പത്തിക പിന്നാക്ക അവസ്ഥ മാനദണ്ഡമാക്കാനും ഭരണഘടനയിൽ മാറ്റം വരുത്തും. പതിനഞ്ച്, പതിനാറ് അനുച്ഛേദങ്ങളിലാകും മാറ്റം നടപ്പാക്കുക. 

click me!