
തിരുവനന്തപുരം: വേങ്ങരയിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സ്ഥാനാർത്ഥി നിർണ്ണയത്തെ കുറിച്ച് പി.കെ.കൃഷ്ണദാസ് ഇന്ന് ജില്ലാ-മണ്ഡലം ഭാരവാഹികളുമായി പ്രാഥമിക ചർച്ച നടത്തും. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ബിജെപിക്ക് വലിയ നാണക്കേടാണുണ്ടാക്കിയത്. ഒന്നരലക്ഷം വോട്ട് നേടുമെന്നായിരുന്നു് നേതാക്കളുടെ അവകാശവാദം പക്ഷെ താമരയിൽ വീണത് 65000 മാത്രം.
ഒന്നരലക്ഷം പുതു വോട്ടർമാർ ഉണ്ടായിട്ടും ബിജെപിക്ക് 2014നെക്കാൾ കൂടിയത് വെറും ആയിരം വോട്ട്. സംസ്ഥാന നേതാവിനെ ഇറക്കണമെന്ന പ്രാദേശിക ഘടകത്തിന്റെ ആവശ്യം കുമ്മനം തള്ളിയത് തിരിച്ചടിക്കുള്ള ഒരു പ്രധാനകാരണമായിരുന്നു. സംസ്ഥാന ഘടകം ആഞ്ഞുപിടിച്ചില്ലെന്ന പരാതി ദേശീയ നേതൃത്വത്തിനും ഉണ്ടായിരുന്നു. വേങ്ങര മലപ്പുറമാകില്ലെന്നാണ് കുമ്മനം പറയുന്നത്.
വേങ്ങരയിൽ 2016ൽ എൻഡിഎ സ്ഥാനാർത്ഥി നേടിയത് 7055 വോട്ട്. പക്ഷെ ഇക്കഴിഞ്ഞ മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വേങ്ങരയിൽ പാർട്ടി സ്ഥാനർത്ഥിയുടെ വോട്ട് കുറഞ്ഞു 5952 ആയി. സംസ്ഥാന നേതാവിനെ ഇറക്കുന്ന കാര്യത്തിൽ ആലോചനകളൊന്നും തുടങ്ങിയിട്ടില്ല.മണ്ഡല-ജില്ലാ ഘടകങ്ങളുടെ മനസ്സറിഞ്ഞ് ശേഷം സംസ്ഥാന കോർ കമ്മിറ്റി ചർച്ച ചെയ്ത് സ്ഥാനാർത്ഥിയെ നിശ്ചയിക്കും.
മെഡിക്കൽ കോഴയുടെ കരിനിഴൽ ഒരുഭാഗത്ത്. മറുവശത്ത് കേരളത്തിന് കേന്ദ്രമന്ത്രിയെ കിട്ടിയശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. കുമ്മനത്തിനും സംഘത്തിനും വേങ്ങര കടുത്ത പരീക്ഷണമാകുമെന്നുറപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam