യുവതികളുടെ ഫേസ്ബുക്ക് ചിത്രങ്ങള്‍ ഉപയോഗിച്ച് ലൈംഗിക അധിക്ഷേപം

Published : Sep 04, 2018, 02:46 PM ISTUpdated : Sep 10, 2018, 04:09 AM IST
യുവതികളുടെ ഫേസ്ബുക്ക് ചിത്രങ്ങള്‍ ഉപയോഗിച്ച് ലൈംഗിക അധിക്ഷേപം

Synopsis

ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകൾ, നഴ്സുമാർ, മറ്റ് പ്രൊഫഷണലുകൾ അങ്ങനെ വിവിധ മേഖലകളിലുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് ശേഷം അശ്ലീലവും അപവാദവും പറഞ്ഞ് ആസ്വദിക്കുകയാണ് ഈ ഗ്രൂപ്പിന്‍റെ രീതി.  

തിരുവനന്തപുരം:സമൂഹമാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളെക്കുറിച്ച് അശ്ലീലം പ്രചരിപ്പിക്കുന്ന ‘അധോലോകം’ എന്ന് പേരിട്ട വാട്സ്ആപ് ഗ്രൂപ്പിനെതിരെ പരാതിയുമായി സ്ത്രീകള്‍. ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകൾ, നഴ്സുമാർ, മറ്റ് പ്രൊഫഷണലുകൾ അങ്ങനെ വിവിധ മേഖലകളിലുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് ശേഷം അശ്ലീലവും അപവാദവും പറഞ്ഞ് ആസ്വദിക്കുകയാണ് ഈ ഗ്രൂപ്പിന്‍റെ രീതി.

ചില ട്രോൾ ഗ്രൂപ്പുകളുടെ പിന്നിൽ പ്രവർത്തിക്കുന്നവരാണ് ‘അധോലോകം’ അശ്ലീലസംഘത്തിലെ അംഗങ്ങൾ. ഇതേ ട്രോൾ ഗ്രൂപ്പിൽ തന്നെ അംഗങ്ങളായ പെൺകുട്ടികൾ തന്നെയാണ് ഇതിനെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. ഗ്രൂപ്പിനെതിരെ കൊല്ലം സ്വദേശി അന്നമ്മ, എറണാകുളം സ്വദേശി സെലിൻ തുടങ്ങിയവര്‍ ജില്ലാ പൊലീസ് മേധാവിമാർക്കും സൈബർ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. 

ഇവരെപ്പറ്റിയും ദുബായിൽ ജോലി ചെയ്യുന്ന അഹാന, കോട്ടയം സ്വദേശിയായ അഖില എന്നിങ്ങനെ നിരവധി മറ്റു പെൺകുട്ടികളെക്കുറിച്ചും അറയ്ക്കുന്ന അശ്ലീല വിവരണങ്ങളും ആഭാസവും നിറഞ്ഞ വാട്സാപ് ഗ്രൂപ്പ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടുകൾ അടക്കമാണ് പെൺകുട്ടികൾ പരാതി നൽകിയിരിക്കുന്നത്.

ഹരി നായർ, മനു കൃഷ്ണൻ, അഖിൽ ചെങ്ങളം, ഷെമിൻ, അനൂപ് വടക്കൻ, അമൽ റാം, രോഹിത് കളപ്പുരയ്ക്കൽ, ജേക്കബ് വർഗ്ഗീസ്, ജിനോ പാലാക്കാരൻ, സാം ഷംനാദ് എന്നിവരാണ് വാട്സാപ് ഗ്രൂപ്പിലെ പ്രധാനികളെന്ന് സൈബർ ആക്രമണത്തിന് ഇരയായ അന്നമ്മ മറിയം, അഹാന എന്നിവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് നാവികസേനാ ഉദ്യോഗസ്ഥരും ഈ അശ്ലീല ഗ്രൂപ്പിന്‍റെ അഡ്മിൻമാരാണ്. 

സംഘപരിവാർ അനുകൂല സൈബർ പ്രചാരണത്തിൽ സജീവമായ ചിലരും പെൺകുട്ടികൾക്കെതിരായ സൈബർ അശ്ലീല ആക്രമണത്തിന്‍റെ മുൻനിരയിലുണ്ട്. ഫേസ്ബുക്കിലെ ചില സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചതും സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞതുമാണ് തന്നെ അപമാനിക്കാൻ കാരണമായതെന്ന് മറ്റൊരു പരാതിക്കാരിയായ അഹാന പറയുന്നു.

ചലച്ചിത്രതാരം പാർവതിയെ പിന്തുണച്ചടക്കമുള്ള സ്ത്രീപക്ഷ നിലപാടുകളുടെ പേരില്‍ പോലും പെണ്‍കുട്ടികളുടെ ചിത്രം വച്ചുള്ള  അശ്ലീലം പറച്ചില്‍ ഉണ്ടായി. സൈബര്‍ ബലാത്സംഗം തന്നെയാണ് ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള മലയാളി പെണ്‍കുട്ടികള്‍ക്ക് നേരെ ഈ സംഘം ഫേസ്ബുക്ക്--വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ നടത്തുന്നത്. 

അധോലോകം എന്ന പേരിൽ തന്നെ ഈ സംഘം നേതൃത്വം കൊടുക്കുന്ന ഒരു ക്ലോസ്ഡ് ഫേസ്ബുക്ക് ഗ്രൂപ്പ് കൂടിയുണ്ട്. ഫാൻ ഫൈറ്റ് ക്ലബ് എന്നൊരു അശ്ലീല ഗ്രൂപ്പില്‍ മുന്‍പ് ഉണ്ടായിരുന്ന ചിലര്‍  മാസ് റിപ്പോർട്ടിങ്ങിനെ തുടര്‍ന്ന് അത് പൂട്ടിയപ്പോള്‍ ഉണ്ടാക്കിയതാണ് അധോലോകം എന്ന ഗ്രൂപ്പ്. രാഷ്ട്രീയമായി വിയോജിക്കുന്നവരേയും നിലപാടുകൾ ഉറച്ചുപറയുന്ന പെൺകുട്ടികളേയും സൈബർ അശ്ലീല ആക്രമണത്തിലൂടെ തകർക്കുക എന്നതാണ് അധോലോകം ഫേസ്ബുക്ക് ഗ്രൂപ്പിന്‍റേയും ലക്ഷ്യം.  

വാട്സാപ് ഗ്രൂപ്പിലൂടെ ഈ സംഘം പെൺകുട്ടികളുടെ ഫോൺ നന്പറുകളും സോഷ്യൽ മീഡിയ പ്രൊഫൈൽ ലിങ്കുകളും അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചുവെന്നും അഹാന പറയുന്നു. ഒട്ടേറെ അശ്ലീല സന്ദേശങ്ങളാണ് ഇതിനു ശേഷം ഫോണിലും സോഷ്യൽ മീഡിയ ഇൻബോക്സുകളിലും ദിവസവും എത്തുന്നത്. ഇതുകാരണം കൂട്ടായ സൈബർ ആക്രമണം നേരിടുന്ന ഇവരിൽ പലരുടേയും ഫോൺ നമ്പറുകൾ ഇപ്പോൾ ഉപയോഗിക്കാനാകാത്ത നിലയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്