ശബരിമലയിലെ സ്ത്രീപ്രവേശനം: എതിർത്ത് നിരുപമ റാവു; മറുപടിയുമായി രാമചന്ദ്രഗുഹ

Published : Oct 26, 2018, 07:32 PM IST
ശബരിമലയിലെ സ്ത്രീപ്രവേശനം: എതിർത്ത് നിരുപമ റാവു; മറുപടിയുമായി രാമചന്ദ്രഗുഹ

Synopsis

ശബരിമലയിലെ സ്ത്രീപ്രവേശനത്തെച്ചൊല്ലി പ്രമുഖ ചരിത്രകാരൻ രാമചന്ദ്രഗുഹയും മുൻ വിദേശകാര്യസെക്രട്ടറി നിരുപമ റാവുവും തമ്മിൽ വാക്പോര്. മതഭ്രാന്ത് തലയ്ക്ക് പിടിച്ച മലയാളികൾ സ്ത്രീവിവേചനത്തിനായി തമ്മിൽത്തല്ലുന്നുവെന്ന രാമചന്ദ്രഗുഹയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത നിരുപമ റാവു, #ReadyToWait എന്ന ആശയത്തിൽ തെറ്റൊന്നുമില്ലെന്ന് പറഞ്ഞു.

ദില്ലി: ശബരിമലയിലെ സ്ത്രീപ്രവേശനത്തെച്ചൊല്ലി പ്രമുഖചരിത്രകാരൻ രാമചന്ദ്രഗുഹയും മുൻ വിദേശകാര്യസെക്രട്ടറി നിരുപമ റാവുവും തമ്മിൽ ട്വിറ്ററിൽ വാക്പോര്. മുൻ ആംആദ്മി പാർട്ടി നേതാവും സ്വരാജ് അഭിയാൻ പ്രസിഡന്‍റുമായ യോഗേന്ദ്രയാദവ് ശബരിമലയെക്കുറിച്ച് എഴുതിയ ഒരു ലേഖനം ട്വീറ്റ് ചെയ്തുകൊണ്ട്, രാമചന്ദ്രഗുഹ പറഞ്ഞതിങ്ങനെ: 

''വൈക്കം സത്യാഗ്രഹത്തിന്‍റെ ചരിത്രം എന്‍റെ പ്രിയസുഹൃത്ത് യോഗേന്ദ്രയാദവ് ഒന്നുകൂടി വായിക്കണം. മഹാത്മാഗാന്ധി എന്തുകൊണ്ട് അതിനെ പിന്തുണച്ചു എന്ന് വായിക്കണം. കേരളം പിന്നോട്ട് പോവുകയാണ്, ഹിന്ദുത്വം പിന്നോട്ട് പോവുകയാണ്, ഇന്ത്യ പിന്നോട്ട് പോവുകയാണ്.''

നിയമത്തിന് മുന്നിൽ എല്ലാവരും സമൻമാരാണെന്ന കാഴ്ചപ്പാട് പലപ്പോഴും 'ലിബറൽ കുലീനരുടെ' മാത്രം തത്വശാസ്ത്രമാണെന്നായിരുന്നു യോഗേന്ദ്രയാദവിന്‍റെ ലേഖനത്തിലെ നിരീക്ഷണം. ഭരണഘടന അനുശാസിയ്ക്കുന്ന അടിസ്ഥാനതത്വങ്ങൾ പോലും സാധാരണക്കാരനായ ഒരു 'അയ്യപ്പഭക്തന്' എന്തുകൊണ്ട് മനസ്സിലാകുന്നില്ല എന്ന വിശകലനത്തോടാണ് രാമചന്ദ്രഗുഹ എതിർപ്പ് രേഖപ്പെടുത്തിയത്. 

''90 വർഷം മുമ്പ് ദളിതർക്ക് ക്ഷേത്രപ്രവേശനം ലഭിയ്ക്കുന്നതിന് വേണ്ടി ധീരരായ ഹിന്ദുക്കൾ പോരാടി. ഇന്ന് ശബരിമലയിൽ, മതഭ്രാന്ത് പിടിച്ച ഹിന്ദുക്കൾ സ്ത്രീവിവേചനത്തിനായി തമ്മിൽത്തല്ലുന്നു. ഇതുകൊണ്ടാണ് കേരളവും ഹിന്ദുത്വവും പിന്നോട്ടാണ് പോകുന്നതെന്ന് ഞാൻ പറഞ്ഞത്.'' രാമചന്ദ്രഗുഹ വിശദീകരിക്കുന്നു.

എന്നാൽ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത നിരുപമാ റാവു എഴുതിയ മറുപടി ഇങ്ങനെ:

''ഏത് മതത്തിന്‍റെയും മതഭ്രാന്തിനെ എതിർക്കുന്നയാളാണ് ഞാൻ. പക്ഷേ, ശബരിമലയിലെ പ്രശ്നം വ്യത്യസ്തമാണ്. വൈക്കം സത്യാഗ്രഹവുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ല. ഒരു പ്രത്യേകപ്രായപരിധിയിലുള്ള സ്ത്രീകൾക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന ഒരു പാവനമായ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശബരിമലയിലെ ആചാരങ്ങൾ. #ReadyToWait എന്ന ആശയത്തിൽ തെറ്റ് കാണാനാകുന്നില്ല.''

നേരത്തേയും നിരവധി പ്രമുഖർ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർത്തും അനുകൂലിച്ചും രംഗത്തുവന്നിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സർക്കാർ ജോലിയേക്കാൾ പ്രിയം അഭിനയത്തോട്, വീട്ടുകാർ എതിർപക്ഷത്ത്, വിട പറയുന്നത് കന്നഡ സീരിയലുകളിലെ പ്രിയ താരം
മുംബൈയിൽ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി; 4 പേർ മരിച്ചു, 14 പേര്‍ക്ക് പരിക്ക്