ഭര്‍ത്താവിന്‍റെ വീട്ടില്‍ കയറ്റണമെന്ന കനകദുര്‍ഗയുടെ അപേക്ഷയിൽ വിധി ഇന്ന്

By Web TeamFirst Published Feb 5, 2019, 6:39 AM IST
Highlights

നിലവില്‍ പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. അതേസമയം, പൊലീസ് സുരക്ഷയിലും  വധഭീഷണിയുണ്ടെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ  കോഴിക്കോട് സ്വദേശി ബിന്ദു വെളിപ്പെടുത്തിയിരുന്നു

മലപ്പുറം: പെരിന്തൽമണ്ണയിലെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടി കനകദുർഗ നല്‍കിയ അപേക്ഷയിൽ ഇന്ന് വിധി പറയും. പുലാമന്തോൾ ഗ്രാമന്യായാലയമാണ് വിധി പറയുക. ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലാണ് ഭര്‍തൃവീട്ടുകാര്‍.

ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനും തനിക്കും കൗണ്‍സിലിംഗ് നടത്തണമെന്നും കനകദുര്‍ഗ ആവശ്യപ്പെടുന്നു. നിലവില്‍ പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. അതേസമയം, പൊലീസ് സുരക്ഷയിലും  വധഭീഷണിയുണ്ടെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ കോഴിക്കോട് സ്വദേശി ബിന്ദു വെളിപ്പെടുത്തിയിരുന്നു.  

തടവിന് തുല്യമായ സ്ഥിതിയാണ് ഷോര്‍ട്ട് സ്റ്റേഹോമില്‍ കനകദുര്‍ഗയുടേതെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമല ദര്‍ശനം കഴിഞ്ഞ്  മൂന്നാഴ്ച പിന്നിട്ടിട്ടും ഭീഷണികളുടെ നടുവിലാണ് ബിന്ദു. സമൂഹമാധ്യമങ്ങളില്‍ തന്‍റെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച് കൊല്ലണമെന്ന ആഹ്വാനമാണ് സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്നതെന്ന് ബിന്ദു പറയുന്നു.

ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ആക്രമണസാധ്യത അവരും തള്ളിക്കളയുന്നില്ല. ഭര്‍ത്താവും ബന്ധുക്കളും കൈയൊഴി‌ഞ്ഞ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അഭയം തേടിയ  കനകദുര്‍ഗക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. 

click me!