
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതിയിൽ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായി. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കട്ടിളപ്പാളി കേസിലും പോറ്റിക്ക് ജാമ്യം ലഭിക്കും. സ്വർണ്ണക്കൊള്ളയിൽ മൂന്ന് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാൽ റിമാൻഡിലായി 43ആം ദിവസം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകുകയായിരുന്നു.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ദമാകും. രണ്ട് പ്രതിപക്ഷ എംഎൽഎമാർ സഭാകവാടത്തിൽ സത്യാഗ്രഹം തുടരുന്നതിനാൽ യുഡിഎഫ് ഇന്നും സഭാനടപടികളുമായി സഹകരിക്കാൻ സാധ്യതയില്ല. ഇന്നലെ രൂക്ഷമായ വാക്പോരാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നടന്നത്. എസ്ഐടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞതോടെ ഭരണപക്ഷം അത് പ്രതിപക്ഷത്തിനെതിരെ ആയുധമാക്കും. ബജറ്റിന്മേലുള്ള ചർച്ച ഇന്ന് പൂർത്തിയാകും. എയ്ഡഡ് അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണ വിഷയത്തിൽ ചട്ടം 300 പ്രകാരം വിദ്യാഭ്യാസ മന്ത്രി ഇന്ന് സഭയിൽ പ്രസ്താവന നടത്തും. ഇന്ന് സഭ പിരിഞ്ഞാൻ 23നാണ് പിന്നീട് ചേരുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam