
കൊച്ചി: വർഗീയപരാമർശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തതിന്‍റെ പേരിലാണ് അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ആറ് വർഷത്തേയ്ക്കാണ് ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്. കോടതിച്ചെലവായി അൻപതിനായിരം രൂപ ഷാജി നികേഷിന് നൽകുകയും വേണം. എന്നാൽ ഈ കോടതിവിധി അഴീക്കോടിനെ നയിക്കുന്നതെങ്ങോട്ടാണ്? ഉപതെരഞ്ഞെടുപ്പിലേയ്ക്കോ അതോ നിയമപോരാട്ടത്തിലേക്കോ?
"
“കാരുണ്യവാനായ അല്ലാഹുവിന്‍റെ അടുക്കൽ അമുസ്ലീങ്ങൾക്ക് സ്ഥാനമില്ല. അന്ത്യനാളിൽ അവൻ സിറാത്തിന്‍റെ പാലം ഒരിക്കലും കടക്കുകയില്ല. അവർ ചെകുത്താന്‍റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്കരിച്ച് നമ്മൾക്കു വേണ്ടി കാവൽ തേടുന്ന ഒരു മുഹ്‍മിനായ കെ.മുഹമ്മദ് ഷാജി എന്ന കെ.എം.ഷാജി വിജയിക്കാൻ എല്ലാ മുഹ്‍മിനുകളും അല്ലാഹുവിനോട് പ്രാർത്ഥിക്ക”
എന്ന് തുടങ്ങുന്ന ലഘുലേഖയിൽ അമുസ്ലീമായ നികേഷ് കുമാറിന് വോട്ട് ചെയ്യരുതെന്നും പറയുന്ന ലഘുലേഖ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പേരിലാണ് പുറത്തിറക്കിയിരുന്നത്. ഈ ലഘുലേഖ തന്‍റേതല്ലെന്ന് പറയുന്ന ഷാജിയ്ക്ക് എന്നാൽ അത് കോടതിയിൽ തെളിയിക്കാനായില്ല. ഈ ലഘുലേഖ എൽഡിഎഫ് പരാതി നൽകിയപ്പോൾ യുഡിഎഫ് പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതാണ്. യുഡിഎഫുമായി ബന്ധപ്പെട്ട ഏതെങ്കിലും തെരഞ്ഞെടുപ്പ് കമ്മിറ്റികളായിരിക്കാം ഇത്തരത്തിലൊരു ലഘുലേഖ അടിച്ചിറക്കിയത്. അതുമായി തനിയ്ക്ക് ബന്ധമില്ലെന്ന ഷാജിയുടെ വാദം കോടതിയിൽ അംഗീകരിക്കപ്പെട്ടില്ല. രണ്ടായിരത്തോളം മാത്രം വോട്ടുകൾ അന്തിമവിധി നിർണയിച്ച തെരഞ്ഞെടുപ്പിൽ ഇത്തരം ലഘുലേഖകൾ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന എം.വി.നികേഷ് കുമാറിന്‍റെ വാദം അംഗീകരിക്കുന്നതുകൂടിയാണ് ഹൈക്കോടതി വിധി.
എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെ മാത്രമേ നികേഷ് കുമാറിന് എംഎൽഎ സ്ഥാനത്തേയ്ക്ക് മത്സരിച്ച് ജയിക്കാനാകൂ.
സുപ്രീംകോടതിയെ സമീപിക്കുകയാണ് കെ.എം.ഷാജിയ്ക്ക് ഉടൻ ചെയ്യാവുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം കേസിന്‍റെ മെറിറ്റ് പരിശോധിക്കുന്നതിന് മുമ്പ് തന്നെ സുപ്രീംകോടതി അംഗീകരിച്ചേക്കാം.കേസിൽ വിശദമായ വാദപ്രതിവാദങ്ങൾക്ക് ശേഷം സുപ്രീംകോടതി വിധി തന്നെയാകും അന്തിമം.
ഹൈക്കോടതി വിധി പ്രകാരം ഉടനടി ഒരു തെരഞ്ഞെടുപ്പിലേയ്ക്ക് അഴീക്കോട് പോകില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ അത്തരമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് തന്നെ സുപ്രീംകോടതിയിൽ നിന്ന് ഒരു സ്റ്റേ വാങ്ങാൻ കെ.എം.ഷാജിയ്ക്ക് കഴിയും. അതിന് ശേഷം സുപ്രീംകോടതിയുടെ അന്തിമവിധി എന്താകുമെന്നതാകും നിർണായകം.
സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി; 'ലഘുലേഖ ഇറക്കിയിട്ടില്ല'
എന്തായിരുന്നു കെ.എം.ഷാജിയെ അയോഗ്യനാക്കിയ ആ ലഘുലേഖ?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam