
ദില്ലി: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഭൂട്ടാന്‍ രാജകുമാരാനോടൊപ്പം പന്ത് കളിച്ചും കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂട്ടാന്‍ രാജകുടുംബം നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയപ്പോള്‍ കുട്ടി രാജകുമാരനോടൊപ്പം മോദി പന്ത് കളിക്കുകയും മടിയിലിരുത്തി ലാളിക്കുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോദി തന്നെയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്ക് വെച്ചത്.
നിരവധിപേരാണ് വീഡിയോ റീട്വിറ്റ് ചെയ്തത്. ഒരുവയസ്സ് മാത്രമുളള കുട്ടി രാജകുമാരന് ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ഔദ്യോഗിക ഫുട്‌ബോളും ചെസ് ബോര്‍ഡും മോദി സമ്മാനിച്ചു. ദോക് ലാം സംഘര്‍ഷത്തിന് അയവ് വന്നതിന് ശേഷം ആദ്യമായാണ് ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നംഗ്യേല്‍ വാംഗ്ചുക്കും രാജ്ഞി ജെസ്റ്റണ്‍ പേമയും ഇന്ത്യ സന്ദര്‍ശിക്കുന്നത്. ബുധനാഴ്ചയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഭൂട്ടാന്‍ രാജകുടുംബം കൂടിക്കാഴ്ച നടത്തിയത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, എന്നിവരുമായി ജിഗ്മേ ഖേസര്‍ നമ്യേല്‍ വാംഗ്ചുക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ കൈ പിടിച്ച് നില്‍ക്കുന്ന ഭൂട്ടാനിലെ കുഞ്ഞ് രാജകുമാന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുഞ്ഞുരാജകുമാരനെ മാധ്യമപ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തപ്പോള്‍ പ്രത്യഭിവാദ്യം ചെയ്യാന്‍ രാജകുമാരനെ സുഷമ സഹായിക്കുകയും ചെയ്യുന്നതായിരുന്നു ചിത്രം.
ദോക് ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മിലുണ്ടായിരുന്ന സംഘര്‍ഷാന്തരീക്ഷം അവസാനിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഭൂട്ടാന്‍ രാജാവിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. 2018ല്‍ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള നയതന്ത്രപരമായ സൗഹൃദത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലത്തിയിട്ടുണ്ടെന്ന് ഭൂട്ടാന്‍ എംബസി സ്ഥിരീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam