മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം

By WFirst Published Mar 28, 2018, 5:55 PM IST
Highlights
  • നുവാല്‍സ് വിസിയായിരിക്കെ അഴിമതി നടത്തി
  • പരാതിക്കാരന്‍റെ മൊഴിയെടുത്തു
     

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. കളമശേരി നുവാല്‍സ് വൈസ് ചാന്‍സിലറായിരിക്കെ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. എന്‍.കെ ജയകുമാര്‍  അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. പരാതിക്കാരനായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ ഫിറോസിന്‍റെ മൊഴിയെടുത്തു.

കളമശേരിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്സ്ഡ് ലീഗല്‍ സ്റ്റഡീസ് വി സിയായിരിക്കേ കോടികളുടെ അഴിമതി നടത്തിയെന്നാണ് പരാതി. സര്‍വ്വകലാശാലയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അന്‍പതിനായിരം രൂപവരെയേ വൈസ് ചാന്‍സിലര്‍ക്ക് അനുവദിക്കാനാവൂ എന്നിരിക്കേ പത്ത് കോടിയിലധികം രൂപ അനുവദിച്ചെന്നാണ് യൂത്ത് ലീഗ് ജനറല്‍സെക്രട്ടറി പി.കെ ഫിറോസിന്‍റെ പരാതി. 

നിര്‍മ്മാണ പ്രവൃത്തിയുടെ കരാറിനായി സ്വകാര്യകമ്പനിയെ തെരഞ്ഞെടുത്തതിലും അഴിമതിയുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 2017 ജനുവരിയില്‍ പരാതി നല്‍കിയെങ്കിലും  ഒരു വര്‍ഷത്തിന് ശേഷമാണ് പരാതിക്കാരന്‍റെ മൊഴിയെടുക്കുന്നത്. പരാതിക്കാധാരമായ വിവരാവകാശ രേഖകളും, ഓഡിറ്റ് റി്പ്പോര്‍ട്ടും ഫിറോസ് വിജിലന്‍സിന് നല്‍കി. മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തുമെന്ന് വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് കൊച്ചിയൂണിറ്റിനാണ് അന്വേഷണ ചുമതല.

click me!