ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം

By Web DeskFirst Published Jun 19, 2017, 9:27 PM IST
Highlights

അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്ന പരാതിയിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസിന്റെ പ്രാഥമിക പരിശോധന. തമിഴ്നാട്ടിലെ രാജപാളയത്ത് ഒരു സ്വകാര്യ കമ്പനിയുടെ പേരിൽ 100 ഏക്കർ ഭൂമിവാങ്ങിയെന്നാണ് പരാതി.

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു ഇസ്ര ടെക്നോ എന്ന സ്ഥാപത്തിന്റെ ഡയറക്ടർ എന്ന നിലയിൽ തമിഴ്നാട്ടിലെ രാജപാളയത്ത് 2001ൽ ജേക്കബ് തോമസും ഭാര്യയും ചേർന്ന് 100 ഏക്കർ ഭൂമി അനധികൃതമായി വാങ്ങിയെന്നാണ് പരാതി. കണ്ണൂർ സ്വദേശിയായ സത്യൻ നരവൂർ വിജിലൻസിന് നൽകിയ ഈ പരാതിയിലാണ് പ്രാഥമിക പരിശോധന വിജിലൻസ് നടത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ സ്പെഷ്യൽ ഇന്‍വസ്റ്റിഗേഷൻ യൂണിറ്റ്-രണ്ടിലെ എസ്‌പി  പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താനായി ഹാജരാകാൻ വിളിപ്പിച്ചു. രണ്ടു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകുമെന്ന പരാതിക്കാരനായ സത്യൻ നരവൂർ പറഞ്ഞു.

ഇസ്രയേൽ സാങ്കേതിവിദ്യ ഉപയോഗിച്ച് കൃഷി നടത്താനായി രൂപീകരിച്ച കമ്പനിയുടെ ഡയറക്ടർ എന്ന പദവിയിൽ ജേക്കബ് തോമസ് ഉണ്ടായിരുന്നില്ലെന്നും സർക്കാരിന് സ്വത്തുവിവരം നൽകിയപ്പോള്‍ ഈ സ്വത്തിന്റെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. പരാതിയിലെ ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്ന പരിശധനയാണ് ആദ്യം നടത്തുന്നത്. കഴമ്പുണ്ടെന്ന കണ്ടെത്തിയാൽ ത്വരിതപരിശോധ പരിശോധന ആരംഭിക്കും.

സമാനസ്വഭാവമുള്ള പരാതി ഹൈക്കോടതിയിലും സർക്കാരിന്റെ മുന്നിലും നേരത്തെ എത്തിയിരുന്നു. പരാതിയിൽ അന്തിമ തീരുമാനം ഇതുവരെയും സർക്കാർ സ്വീകരിച്ചിട്ടില്ല. ഈ ആരോപണത്തെ കുറിച്ച് ജേക്കബ് തോമസ് തന്റെ ആത്മകഥയിലിവും വിവരിക്കുന്നുണ്ട്. അവധി കഴിഞ്ഞ് ജേക്കബ് തോമസ് തിരിച്ചെത്തിയിന് പിന്നാലെയാണ് വിജിലൻസ് പരിശോധനയും ആരംഭിച്ചിരിക്കുന്നത്. ഇതേ പരാതിക്കാരൻ ജേക്കബ് തോമസിനെതിരെ ധനകാര്യപരിശോധന വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

click me!