ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍  പങ്കെടുത്ത പരിപാടിയില്‍ വിജയ് മല്യ

By Web DeskFirst Published Jun 18, 2016, 5:34 PM IST
Highlights

ലണ്ടന്‍: കോടികള്‍ വായ്‌യെടുത്തശേഷം നാടുവിട്ട വിവാദ വ്യവസായി വിജയ്മല്യ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്തു. സംഭവം വിവാദമായതിനിടെ, വിജയ്മല്യയെ നാടു കടക്കാന്‍ സഹായിച്ചത് കേന്ദ്രസര്‍ക്കാരാണെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് പ്രതികരിച്ചു. എന്നാല്‍ വിജയ് മല്യ എത്തിയതറിഞ്ഞ ഹൈക്കമ്മീഷണര്‍ പരിപാടി പൂര്‍ത്തീകരിക്കാതെ മടങ്ങിയെന്നാണ്  വിദേശകാര്യമന്ത്രാലയത്തിന്റെ  വിശദീകരണം.

പ്രമുഖ എഴുത്തുകാരന്‍ സുഹേല്‍ സേതും മാധ്യമപ്രവര്‍ത്തകന്‍ സണ്ണി സെന്നും ചേര്‍ന്നെഴുതിയ 'വിജയ മന്ത്രങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലാണ് കഴിഞ്ഞ ദിവസം നടന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ് തേജ് സര്‍ന പരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു.ഇന്ത്യന്‍ പ്രതിനിധി  പങ്കെടുത്ത പരിപാടിയില്‍ വ്യവസായി വിജയ് മല്യ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി.

വിജയ്മല്യ ചടങ്ങിനെത്തിയെന്ന് മനസിലാക്കിയതോടെ ഇന്ത്യന്‍ പ്രതിനിധി നവ്!തേജ് സര്‍ന മടങ്ങിപ്പോയെന്നാണ് വിദേശകാര്യമന്ത്രാലയ വിശദീകരണം. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നതെന്നും സംഘാടകര്‍ വിജയ് മല്യയെ പ്രത്യേകം ക്ഷണിച്ചിരുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരാണ് വിജയ്മല്യയെ ലണ്ടനിലെത്താന്‍ സഹായിച്ചതെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് മനീഷ്  തിവാരി പ്രതികരിച്ചു. ബാങ്കുകകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന മല്യയെ നാട്ടിലെത്തിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

click me!