
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ലെന്ന് വിവരം. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിൽ എത്തിക്കാനാണ് തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും ഒന്നിച്ചുകാണുമെന്നും ടിവികെ വൃത്തങ്ങൾ അറിയിച്ചു. ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്ന് സൂചനയാണ് പുറത്തുവരുന്നത്. കരൂരിൽ ടിവികെയ്ക്ക് ഹാൾ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകൾ വാക്ക് പറഞ്ഞതിന് ശേഷം പിന്മാറി. ഡിഎംകെയുടെ സമ്മർദം കാരണമാണ് ഈ നടപടിയെന്ന് ടിവികെ ആരോപിച്ചു.
നാമക്കലിലെ കല്യാണമണ്ഡപം തയാറാക്കിയെങ്കിലും കരൂരിൽ തന്നെ പരിപാടി നടത്തണമെന്ന് വിജയ് നിർദേശിച്ചു. കരൂർ സന്ദർശനം വൈകുമെന്ന് വ്യക്തമായതോടെയാണ് പുതിയ തീരുമാനം. ദുരഭിമാനക്കൊലയിലെ കുടുംബങ്ങളെ സ്റ്റാലിൻ ചെന്നൈയിൽ എത്തിച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ് ടിവികെയുടെ മറ്റൊരു വാദം. അതേ സമയം, തീരുമാനത്തോട് ടിവികെയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ചെന്നൈയിലെ പരിപാടി പാർട്ടിക്ക് തിരിച്ചടി ആകുമെന്ന് നേതാക്കൾ അഭിപ്രായപ്പെടുന്നു. വിജയ് അടുത്ത മാസം സംസ്ഥാന പര്യടനം പുന:രാരംഭിക്കും. സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാരിന് ഉടൻ അപേക്ഷ നൽകുമെന്നും ടിവികെ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam