
കോഴിക്കോട്: സംസ്ഥാനത്തെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റുമാർ നടത്തിവരുന്ന ചട്ടപ്പടി സമരത്തെതുടർന്ന് വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റി. പതിറ്റാണ്ടുകൾ ജോലിചെയ്തിട്ടും സ്ഥാനക്കയറ്റവും തത്തുല്യമായ ശന്പളവം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റുമാരുടെ സംഘടനായ KRVSO നിസ്സഹകരണ സമരം നടത്തുന്നത്.
ജനുവരി ഒന്ന് മുതലാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റുമാർ ചട്ടപ്പടി സമരം തുടങ്ങിയത്. വില്ലേജ് മാനുവലിൽ പറയുന്ന നോട്ടീസ് നടത്തൽ മാത്രമാണ് ഇവരിപ്പോൾ ചെയ്യുന്നത്. മുൻപ് ചെയ്തിരുന്ന ലൊക്കേഷൻ സ്കെച്ച് നൽകൽ, സർവ്വെ സ്കെച്ച് തയ്യാറാക്കൽ, മേൽ ഓഫീസുകളിലേക്കുളള ഫയലുകൾ തയ്യാറാക്കൽ, നികുതി പിരിച്ചെടുക്കൽ തുടങ്ങിയ ജോലികൾ ഇപ്പോൾ ചെയ്യുന്നില്ല. ഇതോടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റിയ നിലയിലാണ്.
വില്ലേജ് ഓഫീസുകള്‍ ആരംഭിച്ച കാലത്താണ് സര്‍ക്കാര്‍ രണ്ടുവീതം വില്ലേജ്മാന്‍മാരെ നിയമിച്ചത്. ഇവരെ പിന്നീട് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്മാരാക്കുകയായിരുന്നു. 1969-ലെ സ്റ്റാഫ് പാറ്റേണനുസരിച്ച് നാല് ജീവനക്കാർ മാത്രമാണ് വില്ലേജ് ഓഫീസിലുള്ളത്. എന്നാൽ വില്ലേജ് ഓഫീസിലെ ജോലികളിൽ കാലക്രമേണ വർദ്ധനവുണ്ടായി.
എൽഡിസി തസ്തികയ്ക്ക് തുല്യമാണ് വിഎഫ്എമാരുടെയും യോഗ്യത. റവന്യുവകുപ്പിൽ എൽഡിസി തസ്തികയിൽ ജോലിക്ക് പ്രവേശിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിലൂടെ ഡെപ്യൂട്ടി കളക്ടർ വരെ ആകാമെന്നിരിക്കെയാണ് വിഎഫ്എമാർക്ക് ജോലിയിൽ പ്രവേശിക്കുന്ന തസ്തികയിൽ തന്നെ വിരമിക്കേണ്ടി വരുന്നത്. സ്ഥാനക്കയറ്റത്തിന് അനുകൂലമായി റവന്യുവകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും ധനവകുപ്പിന്‍റെ നിലപാടാണ് ഇവർക്ക് തിരിച്ചടിയാവുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam