
തിരുവനന്തപുരം: പീഡനകേസിൽ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിൻസെൻ്റിനെ റിമാൻഡ് ചെയ്തു. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയാണ് വിൻസെൻ്റിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നില്ല. റിമാന്‍ഡിലായ എം വിന്‍സെന്റിനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് മാറ്റി.
അതേസമയം എം.വിൻസെൻ്റിനെ കൊണ്ടുപോയ പോലീസ് വാഹനം നെയ്യാറ്റിൻകര കോടതിക്കുമുന്നില്‍ യൂത്ത് കോൺഗ്രസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഒടുവില്‍ പോലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചത്.
തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം. വിൻസെന്റ് എംഎല്‍എയെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് എം.എൽ.എക്കെതിരെ ആദ്യം കേസെടുത്തുതെങ്കിലുംപിന്നീട് അന്വേഷണ ഉദ്യോഗസ്ഥയായ അജിത ബീഗത്തിനും നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനത്തിന് കേസെടുക്കുകയായിരുന്നു.
എന്നാൽ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്നാണ് എം.വിൻസെൻ്റിൻ്റെ പ്രതികരണം. നിയമപോരാട്ടം തുടരുമെന്നും വിൻസെൻ്റ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദമാണ് അറസ്റ്റ് പിന്നിലെന്നും ഇത്തരം കേസുകളിൽ രാജിവച്ച ചരിത്രമില്ലെന്നും വിൻസെന്റ് പ്രതികരിച്ചു.