ഭീഷണിയും പാരിതോഷിക പ്രഖ്യാപനവും ജനാധിപത്യത്തിന് നിരക്കുന്നതല്ല: വെങ്കയ്യ നായിഡു

By Web deskFirst Published Nov 25, 2017, 8:13 PM IST
Highlights

ദില്ലി: പദ്മാവതിയ്‌ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ചിത്രത്തിന് നേരെ ഉയരുന്ന ഭീഷണികള്‍ക്കെതിരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഭീഷണിയും പാരിതോഷിക പ്രഖ്യാപനവും ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് പദ്മാവതി വിഷയം എടുത്ത് പറയാതെ ഉപരാഷ്ട്രപതി  ദില്ലിയില്‍ പറഞ്ഞു.

ചില ചിത്രങ്ങള്‍ ചില മതവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി പരാതിയുണ്ട്. ചിലര്‍ ഇതിനെതിരെ ഭീഷണി മുഴക്കുകയും ചലച്ചിത്രപ്രവര്‍ത്തകരുടെ തലയ്ക്ക് കോടികള്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്യുന്നു. എവിടെ നിന്നാണ് പാരിതോഷികം നല്‍കാന്‍ ഇവര്‍ക്ക് ഇത്രയും തുക ലഭിക്കുന്നതെന്ന് ഉപരാഷ്ട്രപതി സംശയം പ്രകടിപ്പിച്ചു. 

ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഭീഷണികള്‍ക്കോ ശാരീരിക അതിക്രമങ്ങള്‍ക്കോ ജനാധിപത്യത്തില്‍ സ്ഥാനമില്ല. നിയമം അട്ടിമറിയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്മാവതിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രതികരണം. 

പദ്മാവതിയെ സ്വാഗതം ചെയ്തതിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മൂക്ക് മുറിയ്ക്കുമെന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കിയത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയ്ക്കും നായിക ദീപിക പദുകോണിനും നേരെയും വധഭഷണി നിലനില്‍ക്കുന്നുണ്ട്.
 

click me!