മഴ പെയ്യാന്‍ വേണ്ടി കല്ല്യാണം കഴിപ്പിച്ച തവളകളെ മഴ നില്‍ക്കാന്‍ വേര്‍പിരിച്ചു

By Web TeamFirst Published Sep 12, 2019, 5:24 PM IST
Highlights

കഴിഞ്ഞ 24 മണിക്കൂറില്‍ ഭോപ്പാലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. നര്‍മ്മദ നദി കരകവിഞ്ഞു. ജലനിരപ്പ് അപകടകരമായ നിലയിലേയ്ക്ക് ഉയരുന്നതിനെ തുടര്‍ന്ന് വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.

ഭോപ്പാല്‍: വേനല്‍ കടുത്തപ്പോള്‍ മഴ പെയ്യാനായി ഭോപ്പാലില്‍ കഴിഞ്ഞ ജൂലൈ 19 ന് തവളക്കല്ല്യാണം നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രണ്ട് തവളകളെ കല്ല്യാണം കഴിപ്പിച്ചാല്‍ മഴദൈവം പ്രീതിപ്പെടുമെന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു അത്. ഏറെ കൊട്ടിഘോഷിച്ച് നടത്തിയ വലിയ ഒരു ചടങ്ങായിരുന്നു അത്. ആ തവളക്കല്ല്യാണം ഫലിച്ചതിന്‍റെ ഫലമാണോ എന്നറിയില്ല ഭോപ്പാലില്‍ ഇപ്പോള്‍ നിലയ്ക്കാത്ത മഴയാണ്. ഇപ്പോഴിതാ മഴ നിലയ്ക്കാനായി ആ വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുന്നു. 

കഴിഞ്ഞ 24 മണിക്കൂറില്‍ ഭോപ്പാലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. നര്‍മ്മദ നദി കരകവിഞ്ഞു. ജലനിരപ്പ് അപകടകരമായ നിലയിലേയ്ക്ക് ഉയരുന്നതിനെ തുടര്‍ന്ന് വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോള്‍ ഉയരുന്ന ചോദ്യം മഴയെ കുറിച്ചല്ല. ആ തവളകളെ കുറിച്ചാണ്. ഈ കുറഞ്ഞ വിവാഹ നാളുകള്‍ കൊണ്ട് അവര്‍ പരസ്പരം ഏറെ അടുത്തിരിക്കുന്നു. അതുകൊണ്ടു തന്നെ അവയെ അകറ്റുന്നതില്‍ പലര്‍ക്കും ആശങ്കയുമുണ്ട്. എന്തായാലും മഴ നിലയ്ക്കാത്ത അവസ്ഥയില്‍ നിന്നും മോചനം നേടാന്‍ ആചാരപ്രകാരം തന്നെ ആ 'ദമ്പതികളെ' വേര്‍പെടുത്തിയെന്ന വാര്‍ത്ത ഇന്ത്യ ടുഡ‍േയാണ് പുറത്ത് വിട്ടത്.

click me!