20 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട സ്വര്‍ണ്ണം വീട്ടിലേക്ക് പാര്‍സലായി എത്തി.!

By Web TeamFirst Published May 20, 2020, 12:32 PM IST
Highlights

നോമ്പ് തുറക്കാന്‍ ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെയാണ് വീട്ടിലെ കോളിംഗ് ബെല്‍ ശബ്ദിച്ചത്. ഇബ്രാഹിമിന്റെ ഭാര്യ വാതില്‍ തുറന്നപ്പോള്‍ ഹെല്‍മെറ്റ് ധരിച്ച യുവാവ് പൊതി നീട്ടിക്കൊണ്ടു പറഞ്ഞു; ഇതാ ഇത് വാങ്ങണം, നോമ്പ് തുറക്കാനുള്ള നെയ്‌ച്ചോറും കറിയുമാണ്. 
 

കാസര്‍കോട്: കാസര്‍കോട് ഇരുപത് വര്‍ഷം മുന്‍പ് മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണം റംസാന്‍ മാസത്തില്‍ പാര്‍സലായി തിരിച്ച് ലഭിച്ചതിന്‍റെ അത്ഭുതത്തിലാണ് പ്രവാസിയും കുടുംബവും. പ്രവാസിയായ നെല്ലിക്കുന്നില്‍ ഇബ്രാഹിം തൈവളപ്പിന്‍റെ കുടുംബത്തിനുമാണ് വ്യത്യസ്തമായ അനുഭവം. 20 വര്‍ഷം മുന്‍പ് ഇബ്രാഹിമിന്‍റെ ഭാര്യയുടെ നഷ്ടപ്പെട്ട രണ്ട് പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പകരം രണ്ട് സ്വര്‍ണ്ണനാണയങ്ങളാണ് അജ്ഞാതനായ ഒരു യുവാവ് പാര്‍സലായി മെയ് 17ന് വൈകുന്നേരം വീട്ടിലെത്തിച്ചത്.

സംഭവം ഇങ്ങനെ, നോമ്പ് തുറക്കാന്‍ ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെയാണ് വീട്ടിലെ കോളിംഗ് ബെല്‍ ശബ്ദിച്ചത്. ഇബ്രാഹിമിന്റെ ഭാര്യ വാതില്‍ തുറന്നപ്പോള്‍ ഹെല്‍മെറ്റ് ധരിച്ച യുവാവ് പൊതി നീട്ടിക്കൊണ്ടു പറഞ്ഞു; ഇതാ ഇത് വാങ്ങണം, നോമ്പ് തുറക്കാനുള്ള നെയ്‌ച്ചോറും കറിയുമാണ്. 

ആരാണ് നീ, പേരെന്താണ്? എന്ന് ചോദിക്കുന്നതിനിടയില്‍, ഇതൊരാള്‍ തന്നയച്ചതാണെന്നും ഇവിടെ തരാനാണ് പറഞ്ഞതെന്നും പറഞ്ഞു. അയാള്‍ അപ്പുറത്തുണ്ടെന്നും പറഞ്ഞു. മറ്റു കാര്യങ്ങള്‍ ചോദിക്കുന്നതിന് മുമ്പ് പയ്യന്‍ ഉടന്‍ തന്നെ സ്‌കൂട്ടറില്‍ സ്ഥലം വിടുകയുമായിരുന്നു. പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ട ഉടന്‍ വീട്ടുകാര്‍ നോമ്പ് തുറന്നു. യുവാവ് കൊണ്ടുവന്ന പൊതി അഴിച്ചു. നെയ്‌ച്ചോറും കറിയും. അതിനകത്ത് ചെറിയൊരു പൊതി. ആശ്ചര്യത്തോടെ ആ പൊതി അഴിച്ചു. ഒരു തുണ്ട് കടലാസും രണ്ട് സ്വര്‍ണ നാണയങ്ങളും. 

കുടെ ഒരുകത്തും ലഭിച്ചു, അതില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു അസ്സലാമു അലൈക്കും, നിന്റെ 20 കൊല്ലം മുമ്പ് നഷ്ടപ്പെട്ട പൊന്ന് എനിക്ക് കിട്ടിയിരുന്നു. അത് ആ സമയം നിനക്ക് തരാന്‍ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് അതിന് പകരമായി ഈ പവന്‍ നീ സ്വീകരിച്ച് എനിക്ക് പൊറുത്ത് തരണം എന്ന് അപേക്ഷിക്കുന്നു -എന്നെഴുതിയിരുന്നു.

20 വര്‍ഷം മുമ്പ് ഒരു വിവാഹ വീട്ടില്‍ വെച്ച് നഷ്ടപ്പെട്ട സ്വര്‍ണത്തേക്കുറിച്ച് ഇബ്രാഹിമും കുടുംബവും ഏറെക്കുറെ മറന്നതാണ്. അന്ന് ഇബ്രാഹിമിന്റെ ഭാര്യ അണിഞ്ഞിരുന്ന മൂന്നരപ്പവന്‍ സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. തിരച്ചിലില്‍ ഒന്നരപ്പവന്‍ ആഭരണം കിട്ടിയിരുന്നു. 

click me!