22 നിലകെട്ടിടം തകര്‍ത്തത് 30 സെക്കന്‍റുകൊണ്ട്, ഉപയോഗിച്ചത് 894 കിലോഗ്രാം സ്ഫോടക വസ്തു; വീഡിയോ

By Web TeamFirst Published Nov 26, 2019, 2:16 PM IST
Highlights

22 നിലകെട്ടിടമാണ് ബാങ്ക് ഓഫ് ലിസ്ബണ്‍. വെറും 30 സെക്കന്‍റുകൊണ്ടാണ് ഈ കെട്ടിടം തകര്‍ന്നടിഞ്ഞത്...

ജോഹനാസ്ബര്‍ഗ്: ജോഹനാസ്ബര്‍ഗിലെ ബാങ്ക് ഓഫ് ലിസ്ബന്‍ കെട്ടിടം ഒറ്റനിമിഷംകൊണ്ടാണ് നിലംപതിച്ചത്. മൂന്ന് അഗ്നിശമനസേനാ പ്രവര്‍ത്തകരുടെ ജീവനെടുത്ത അഗ്നിബാധ ഉണ്ടായതിനെത്തുടര്‍ന്ന് കെട്ടിടത്തിന് കേടുപാടുണ്ടെന്ന് കണ്ടെത്തിയിരുന്നു. കെട്ടിടം അപകടത്തിലാണെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇതോടെയാണ് ഗൗട്ടെങ്ക് പ്രവിശ്യയിലെ സര്‍ക്കാര്‍ കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചത്. 

22 നിലകെട്ടിടമാണ് ബാങ്ക് ഓഫ് ലിസ്ബണ്‍. വെറും 30 സെക്കന്‍റുകൊണ്ടാണ് ഈ കെട്ടിടം തകര്‍ന്നടിഞ്ഞത്. ഞായറാഴ്ച നടന്ന കെട്ടിടം തകര്‍ക്കലിന് ആയിരക്കണക്കിന് പേരാണ് സാക്ഷികളായത്.   894 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിടം സെക്കന്‍റുകള്‍കൊണ്ട് തകര്‍ത്തത്. 

''ലോകത്ത് തകര്‍ക്കുന്ന രണ്ടാമത്തെ വലിയ കെട്ടിടമാണ് ഇത്. 108 മീറ്റര്‍ ഉയരമുള്ള കെട്ടിടമാണ് ഇത്. ഇതുവരെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത ഏറ്റവും വലിയ കെട്ടിടത്തിന്‍റെ ഉയരം 114 മീറ്ററാണ് '' -  അധികൃതര്‍ വ്യക്തമാക്കി. 

ഇതുവരെ ചെയ്തിട്ടുളളതില്‍ വച്ച് ഏറ്റവും ശ്രമകരമായ നിയന്ത്രിത സ്ഫോടനമായിരുന്നു ഇതെന്നും അവര്‍ വ്യക്തമാക്കി. കെട്ടിടം തകര്‍ക്കുന്നതിന് മുമ്പ് സമീപത്തെ കെട്ടിടങ്ങളിലെ 2000 പേരെ പ്രദേശത്തുനിന്ന് ഒഴുപ്പിച്ചിരുന്നു. അതേസമയം ബാങ്ക് ഓഫ് ലിസ്ബണ് പകരം പുതിയൊരു കെട്ടിടം നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

click me!