
ലക്നൗ: നൃത്ത പരിപാടിക്കിടെ കാഴ്ചക്കാരുടെ 'ആവേശം' അതിരുവിട്ടതോടെ പൊലീസിന്റെ ലാത്തിച്ചാര്‍ജ്. ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ നിന്നുള്ള വീഡിയോ ക്ലിപ്പുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ പങ്കുവെച്ചിരിക്കുന്നത്. ജാന്‍സിയിലെ മൗറാനിപൂരില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ജല്‍വിഹാര്‍ മഹോത്സവത്തിനിടെയായിരുന്നു സംഭവങ്ങള്‍. പരിപാടി അലങ്കോലമായതോടെ പൊലീസ് ഇടപെടുകയായിരുന്നു എന്നാണ് സംഭവ സമയത്ത് അവിടെയുണ്ടായിരുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഉത്സവത്തോടനുബന്ധിച്ച് ഒരു പ്രമുഖ ട്രൂപ്പിന്റെ നൃത്ത പരിപാടി സംഘടിപ്പിച്ചിരുന്നു. ഇത് കാണാനായി നിരവധിപ്പേരാണ് സ്ഥലത്തെത്തിയത്. പരിപാടി ആരംഭിക്കാന്‍ അക്ഷമരായി കാത്തിരുന്നവര്‍ നൃത്തം തുടങ്ങിയതോടെ പ്രശ്നങ്ങള്‍ തുടങ്ങി. തിരക്ക് കാരണം പരിപാടി നേരെ കാണാന്‍ കഴിയാതിരുന്നവര്‍ മുന്നില്‍ നിന്നിരുന്നവരെ തള്ളാനും പിടിച്ചുവലിക്കാനും തുടങ്ങി. ഇതിനിടെ ചിലര്‍ സ്റ്റേജിലേക്ക് പല സാധനങ്ങളും വലിച്ചെറിഞ്ഞു. ഇതോടെ പരിപാടി സുഗമമായി നടത്തിക്കൊണ്ട് പോകാന്‍ കഴിയില്ലെന്ന് മനസിലാക്കിയ സംഘാടകര്‍ നൃത്ത പരിപാടി ഇടയ്ക്ക് വെച്ച് നിര്‍ത്തി.
ഇതിന് പിന്നാലെ പൊലീസ് സംഘം ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ഇതോടെ കാണികള്‍ ചിതറിയോടി. അടിയേല്‍ക്കാതിരിക്കാന്‍ സ്റ്റേജിന് അടിയിലേക്ക് വരെ ആളുകള്‍ ഓടിക്കയറുന്നത് സോഷ്യല്‍ മീഡിയയിലെ വീഡിയോയില്‍ കാണാം. അതേസമയം വീഡിയോ പ്രചരിച്ചതോടെ പൊലീസ് നടപടിക്കെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നു. എല്ലാവരെയും തല്ലി ഓടിക്കുന്നത് ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം ആള്‍ക്കൂട്ടം നിയന്ത്രണം വിട്ട് പെരുമാറിയാല്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്നും മറുപക്ഷം അഭിപ്രായപ്പെടുന്നു.
എതിര്‍ത്തും അനുകൂലിച്ചു അഭിപ്രായ പ്രകടനങ്ങള്‍ രൂക്ഷമായതോടെ ജാന്‍സി പൊലീസ് തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഒക്ടോബര്‍ അഞ്ചാം തീയ്യതി വ്യാഴാഴ്ച നടന്ന പരിപാടി വീക്ഷിക്കാന്‍ 15,000നും 20,000നും ഇടയില്‍ ആളുകളാണ് എത്തിയതെന്നും. ആളുകളെ നിയന്ത്രിക്കാന്‍ സംഘാടകര്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ജനബാഹുല്യം കാരണം തകര്‍ന്നുവീണുവെന്നും പൊലീസ് പറയുന്നു. ആളുകളില്‍ ചിലര്‍ മറ്റുള്ളവര്‍ക്ക് മുകളിലേക്ക് വീണു. ചിലര്‍ക്ക് പരിക്കേറ്റു. ഇതേച്ചൊല്ലി കാണികള്‍ക്കിടയില്‍ തന്നെ സംഘര്‍ഷമുണ്ടായി. ഇതോടെയാണ് പ്രശ്നമുണ്ടാക്കുന്നവരെ പിരിച്ചുവിടാനായി ലാത്തിച്ചാര്‍ജ് ചെയ്യേണ്ടിവന്നതെന്നും പൊലീസിന്റെ വിശദീകരണം പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam