
മുംബൈ: മുംബൈയിലെ തിരക്കിൽ ഊബർ യാത്രയ്ക്കിടെ തനിക്ക് ലഭിച്ച സ്നേഹവും ആതിഥ്യമര്യാദകൾ പങ്കുവെച്ച് ഒരു ഓസ്‌ട്രേലിയൻ യുവതി. ബ്രീ സ്റ്റീൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഹൃദയസ്പർശിയായ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഇന്ത്യൻ ഊബർ ഡ്രൈവർമാരെ "അതിഗംഭീര വ്യക്തിത്വങ്ങൾ" എന്ന് വിശേഷിപ്പിച്ചാണ് യുവതി വീഡിയോ ആരംഭിക്കുന്നത്.
വീട്ടിലേക്കുള്ള 15 മിനിറ്റ് യാത്ര ഛാത്ത് പൂജ ആഘോഷങ്ങൾ കാരണം ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുപോയ അനുഭവമാണ് ബ്രീ സ്റ്റീൽ പങ്കുവെച്ചത്. ഉത്സവത്തിരക്കിനെക്കുറിച്ച് ആരും മുന്നറിയിപ്പ് നൽകിയില്ലെന്ന് തമാശയായി പറഞ്ഞുകൊണ്ടാണ് അവർ സംഭവം വിവരിക്കുന്നത്. വെള്ളവും കബാബും: ഒരു സ്ഥലത്ത് തന്നെ ഏകദേശം 30 മിനിറ്റോളം കുടുങ്ങിയെങ്കിലും, ഡ്രൈവർ യാത്രയുടെ മടുപ്പ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചു. 'അദ്ദേഹം പുറത്തിറങ്ങി, ഞങ്ങൾക്കായി വെള്ളവുമായി തിരിച്ചുവന്നു " അവർ ഓർത്തെടുത്തു. വെള്ളത്തിന് പണം നൽകാൻ ശ്രമിച്ചപ്പോൾ, നിങ്ങൾ ഞങ്ങളുടെ അതിഥിയാണ് എന്ന് പറഞ്ഞ് അദ്ദേഹം നിരസിച്ചു.
ട്രാഫിക് ഇഴഞ്ഞുനീങ്ങുന്നതിനിടയിൽ, ഡ്രൈവർ വീണ്ടും പോയി. ഇത്തവണ അവർക്ക് വിശക്കാതിരിക്കാൻ കബാബുകളും കാനിൽ അടച്ച ശീതളപാനീയങ്ങളുമായാണ് അദ്ദേഹം തിരിച്ചെത്തിയത്. അദ്ദേഹം ഏറ്റവും മികച്ചവനായിരുന്നു സ്നേഹപ്രകടനത്തിൽ മതിമറന്ന് ബ്രീ സ്റ്റീൽ പറഞ്ഞു. ഇന്ത്യൻ ഊബർ ഡ്രൈവർമാരുമായുള്ള തൻ്റെ ആദ്യത്തെ നല്ല അനുഭവമല്ല ഇതെന്നും അവർ വെളിപ്പെടുത്തി. എന്തുകൊണ്ടാണ് എൻ്റെ ഏറ്റവും നല്ല കഥകളെല്ലാം ഊബർ ഡ്രൈവർമാരെക്കുറിച്ച് ആകുന്നത്? എന്ന് അവർ ചിരിച്ചുകൊണ്ട് ചോദിച്ചു. ഒരിക്കൽ വെള്ളപ്പൊക്കത്തിനിടയിൽ ഒരാൾ തന്നെ സമയത്തിന് വിമാനത്താവളത്തിൽ എത്തിച്ചു. മറ്റൊരാൾ തൻ്റെ ഓട്ടോയിൽ നിന്ന് വീണുപോയ ചെരിപ്പ് എടുത്തുകൊടുത്തു. ഇപ്പോൾ ഈ സ്നേഹമുള്ള ഡ്രൈവറും എന്നും അവര്‍ പറഞ്ഞു.
ഈ പോസ്റ്റ് കണ്ട ആയിരക്കണക്കിന് ആളുകൾ ഡ്രൈവറുടെ മര്യാദയെ അഭിനന്ദിച്ചു. "ഇന്ത്യക്കാരുടെ അഭിമാനം കാത്ത ഊബർ ഡ്രൈവർക്ക് നന്ദി. പോസിറ്റിവിറ്റി തുറന്നുപറഞ്ഞതിന് നിങ്ങൾക്കും നന്ദി എന്ന് ഒരാൾ കുറിച്ചു. ദയയുള്ളവരെ ഭാഗ്യം തുണയ്ക്കും, മറ്റൊരാൾ അഭിപ്രായപ്പെട്ടു. സാധാരണയായി, യാത്രയിലെ കാലതാമസത്തെയും നിരാശയെയും കുറിച്ചാണ് യാത്രാകഥകൾ വരാറുള്ളത്. എന്നാൽ, ഈ സംഭവം അപരിചിതർക്ക് നൽകാൻ കഴിയുന്ന അപ്രതീക്ഷിത ദയയുടെ ഓർമ്മപ്പെടുത്തലായി എന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam