
ദില്ലി: ഇന്ത്യയിൽ ഒരു സ്ത്രീ ഡ്രൈവിങ് സീറ്റിലിരിക്കുന്നത് പലപ്പോഴും "എക്‌സ്‌പേർട്ട് മോഡിലുള്ള വീഡിയോ ഗെയിം കളിക്കുന്നത് പോലെയാണ്" എന്ന് ഒരു യുവതിയുടെ കുറിപ്പ്. അതിവേഗം ശ്രദ്ധേയമായ കുറിപ്പ് വലിയ ചര്‍ച്ചകൾക്കാണ് വഴിതുറന്നത്. ഇന്ത്യൻ റോഡുകളിലെ ഗതാഗത പ്രശ്‌നങ്ങളെക്കാൾ വലിയ പ്രതിസന്ധി ആളുകളുടെ പെരുമാറ്റരീതിയാണ് എന്ന് ചൂണ്ടിക്കാട്ടി ഹർഷിത സിംഗ് എന്ന യുവതി ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടിയത്.
ഏത് കാലാവസ്ഥയിലും സാഹചര്യത്തിലും ഡ്രൈവ് ചെയ്യാൻ തനിക്ക് ഇഷ്ടമാണെങ്കിലും, ഇന്ത്യയിലെ റോഡുകളിലെ 'പൗരബോധമില്ലായ്മ' തന്നെ അമ്പരപ്പിക്കുന്നുവെന്ന് ഹർഷിത കുറിച്ചു. തനിക്ക് നേരിട്ട ഒരു അനുഭവം അവർ പങ്കുവെച്ചുകൊണ്ടായിരുന്ന അവരുടെ ഈ കുറിപ്പ്. "ഞാൻ അടുത്തിടെ ഒരു യുവാവിൻ്റെ കാറിനെ ഓവർടേക്ക് ചെയ്തു. അയാൾ എന്നെ പിന്തുടർന്ന് വന്ന് എൻ്റെ കാറിന് മുന്നിൽ കയറി, അര കിലോമീറ്ററോളം തടസ്സം സൃഷ്ടിച്ചു. ഒരു യുവതി ഓവർടേക്ക് ചെയ്തത് അയാളുടെ ഈഗോയ്ക്ക് താങ്ങാൻ കഴിഞ്ഞില്ല. എന്നിട്ട് അയാൾ പറഞ്ഞു, 'നീ പെണ്ണായതുകൊണ്ട് വിടുന്നു, ഇതൊരു തന്ത്രമാണ്."
അടിസ്ഥാന റോഡ് നിയമങ്ങൾ പോലും പലരും അവഗണിക്കുന്നതിനെയും അവർ രൂക്ഷമായി വിമർശിച്ചു. വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കുള്ളതാണ് വലത് വശത്തെ വഴി, വേഗത കുറഞ്ഞവയ്ക്ക് ഇടത് വശം എന്ന നിയമം ആളുകൾക്ക് അറിയാമെങ്കിലും അത് ഉൾക്കൊള്ളാനാകില്ല. റോഡിൻ്റെ നടുവിൽ നിന്നുകൊണ്ട് 40 കിലോമീറ്റർ വേഗതയിൽ വരുന്ന കാർ മൂന്ന് സെക്കൻഡിനുള്ളിൽ നിർത്തുമെന്ന് പ്രതീക്ഷിക്കരുത്," അവർ പറഞ്ഞു.
പെൺ ഡ്രൈവർമാരെ കുറിച്ചുള്ള പൊതുബോധത്തെയും ഹർഷിത വിമർശിച്ചു. പുരുഷൻ മോശമായി ഡ്രൈവ് ചെയ്താൽ, ട്രാഫിക് മോശമായിരുന്നു എന്ന് പറയും. സ്ത്രീകൾ മോശമായി ഡ്രൈവ് ചെയ്താൽ പെണ്ണുങ്ങൾക്ക് ഡ്രൈവ് ചെയ്യാൻ അറിയില്ല എന്നും പറയും. ഇതൊരു അടിസ്ഥാനപരമായ തെറ്റിദ്ധാരണയാണ്. ഡൽഹിയിലെ ട്രാഫിക്കിനെക്കുറിച്ച് തൻ്റെ അച്ഛൻ പറഞ്ഞ ഒരു രസകരമായ കാര്യവും അവർ പങ്കുവെച്ചു. "എൻ്റെ അച്ഛൻ പറയും, ഡൽഹിയിൽ ആളുകൾ അഞ്ച് വശത്ത് നിന്ന് വരും മുന്നിൽ, പിന്നിൽ, ഇടത്ത്, വലത്ത്, അതുപോലെ മുകളിൽ നിന്നും. ആരാണ് എവിടെ നിന്ന് ചാടി വരുമെന്ന് നിങ്ങൾക്ക് അറിയാൻ കഴിയില്ല എന്ന്', ഇന്ത്യൻ റോഡുകൾക്ക് നിയമങ്ങളെക്കാൾ കൂടുതൽ പൗരബോധത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിച്ചത്.
ഈ പോസ്റ്റ് ചർച്ചയായതോടെ ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾ നിരവധി പേര്‍ കമന്റുകളുമായി എത്തി. "ഞാൻ ഓവർടേക്ക് ചെയ്യുമ്പോൾ പുരുഷന്മാരുടെ ഈഗോയ്ക്ക് മുറിവേൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, അത് ഭയപ്പെടുത്തുന്നതാണ്," ഒരാൾ കുറിച്ചു. ആരാണ് ഡ്രൈവിങ് സീറ്റിൽ എന്നതിലുപരി സുരക്ഷയ്ക്കും റോഡ് അവബോധത്തിനും മുൻഗണന നൽകണം എന്ന കാര്യത്തിൽ കമന്റ് ചെയ്തവരെല്ലാം ഒറ്റക്കെട്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam