
ബെംഗളൂരു: സമ്മാനങ്ങള്‍ വാങ്ങി നൽകുന്നതും, അപ്രതീക്ഷിതമായി എത്തി പ്രിയപ്പെട്ടവരെ അമ്പരപ്പിക്കുകയും ഒക്കെ ചെയ്യുന്ന സർപ്രൈസ് വീഡിയോകള്‍ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തന്‍റെ പ്രിയപ്പെട്ട അമ്മയ്ക്ക് മകൻ നൽകിയ ഒരു സർപ്രൈസ് വിസിറ്റിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മീൻ കച്ചവടക്കാരിയായ അമ്മയ്ക്ക് മുന്നിൽ അപ്രതീക്ഷിതമായെത്തി അമ്പരപ്പിച്ചിരിക്കുകയാണ് ഒരു മകൻ. ഒട്ടും പ്രതീക്ഷിക്കാതെ വർഷങ്ങള്‍ക്ക് ശേഷം മകനെ മുന്നിൽ കണ്ട അമ്മയുടെയും, ആ സന്തോഷം അറിഞ്ഞ മകന്‍റെയും വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തത്.
മൂന്ന് വർഷത്തിന് ശേഷം ദുബായിൽ നിന്ന് വന്ന മകൻ മീൻ വിൽപ്പനക്കാരിയായ അമ്മയ്ക്ക് മുന്നിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നതാണ് വീഡിയോ. കർണാടക സ്വദേശിയായ രോഹിത് എന്ന യുവാവാണ് ഗംഗോല്ലി മാർക്കറ്റിൽ മീൻ വിൽക്കുന്ന അമ്മയ്ക്ക് സർപ്രൈസ് നൽകിയത്. അമ്മ മീൻ വിൽക്കുന്ന മാർക്കറ്റിലേക്ക് മുഖം മറച്ചാണ് മകനെത്തിയത്. തൂവാലകൊണ്ട് മുഖം മറച്ച്, കൂളിംഗ്ലാസും തൊപ്പിയും ധരിച്ചെത്തിയ മകനെ അമ്മ തിരിച്ചറിഞ്ഞതേയില്ല.
മുഖം മറച്ചെത്തിയ യുവാവ് അമ്മയോട് മീനിന്റെ വില ചോദിക്കുന്നതും സംസാരിക്കുന്നതും വീഡിയോയിൽ കാണാം. വിലയും മറ്റും ചോദിച്ചുള്ള സംസാരത്തിനിടെ സംശയം തോന്നി അമ്മ പെട്ടന്ന് എഴുനേറ്റ് യുവാവിന്റ മുഖത്തെ തൂവാലയും ഗ്ലാസും മാറ്റി. അപ്പോഴാണ് അത് തന്‍റെ മകനാണെന്ന് ആ അമ്മ തിരിച്ചറിയുന്നത്. മകനെ കണ്ട് അമ്മ കരയുന്നതും കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ദുബായിൽ ജോലി ചെയ്യുന്ന രോഹിത്ത് മൂന്ന് വർഷത്തിന് ശേഷമാണ് നാട്ടിൽ എത്തിയത്. വിമാനത്താവളത്തിലെത്തിയ ഉടനെ രോഹിത്ത് അമ്മ മീൻ വിൽക്കുന്ന മാർക്കറ്റിലേക്ക് എത്തുകയായിരുന്നു. അപ്രതീക്ഷിത വരവിൽ സന്തോഷം കൊണ്ട് അമ്മ കരയുന്നത് കണ്ട ഉടൻ രോഹിത്ത് അമ്മയെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെയ്ക്കുന്നത് വീഡിയോയിൽ കാണാം. നിരവധിപേരാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. ആ അമ്മ എന്തൊരു ഭാഗ്യം ചെയ്ത് ആളാണ്, എന്തൊരു സ്നേഹമുള്ള മകനാണ് എന്നാണ് കമന്‍റുകള്‍.
Read More : ഓഗസ്റ്റിൽ ഇന്ത്യയിൽ പണി കിട്ടിയത് 74 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകൾക്ക്, പൂട്ടിട്ട് മെറ്റ !
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam