
തിരുവനന്തപുരം: . വിവാഹ സാരിയില്‍ വെള്ള കോട്ടും സ്റ്റെതസ്കോപ്പും അണിഞ്ഞ് പരീക്ഷാ ഹാളിൽ എത്തിയ വധുവിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. പരീക്ഷ ഹാളിൽ നിന്ന് നേരെ കതിർ മണ്ഡപത്തിലേക്ക് ഓടിയെത്തി സോഷ്യൽ മീഡിയയിൽ തരംഗമായ ആ വധു തിരുവനന്തപുരം കരിമം അമ്പാടി ശ്രീലക്ഷ്മി അനിൽകുമാറാണ്. ആ വൈറൽ ദൃശ്യത്തിന് പിന്നിലെ കഥ ശ്രീലക്ഷ്മി അനിൽകുമാർ ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവെയ്ക്കുന്നു.
തിരുവനന്തപുരം കരിമം അമ്പാടിയിൽ അനിൽകുമാർ ശ്രീദേവി ദമ്പതികളുടെ മകളും നാലാഞ്ചിറ ബഥനി നവജീവന്‍ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ അവസാന വർഷ ഫിസിയോതെറാപ്പി ബിരുദ വിദ്യാർഥിനിയുമാണ് ശ്രീലക്ഷ്മി അനിൽ. വിവാഹ ദിവസം രാവിലെയാണ് പ്രാക്ടിക്കല്‍ പരീക്ഷ എഴുതാനായി ശ്രീലക്ഷ്മി വിവാഹ വേഷത്തിൽ കോളേജിൽ എത്തിയത്. ഫെബ്രുവരി ഒന്നാം തീയതിയാണ് ശ്രീലക്ഷ്മിയുയുടെയും തിരുമല സ്വദേശി അഖിൽ ബി കൃഷ്ണയുടെയും വിവാഹം നടന്നത്. അന്നേ ദിവസം തന്നെ ആണ് സർവകലാശാലയുടെ അവസാനവർഷ പ്രാക്ടിക്കല്‍ പരീക്ഷയും നടന്നത്.
രാവിലെ 10.30 നായിരുന്നു വിവാഹ മുഹൂർത്തം. ശ്രീലക്ഷ്മിയുടെ അപേക്ഷ പരിഗണിച്ച് പ്രാക്ടിക്കൽ പരീക്ഷ രാവിലെ 8 മണിക്ക് നടത്താൻ കോളേജ് അധികൃതരും സഹായമൊരുക്കി. 9.30 ന് ആണ് പരീക്ഷ അവസാനിക്കുന്ന സമയം തീരുമാനിച്ചിരുന്നത് എന്ന് ശ്രീലക്ഷ്മി പറഞ്ഞു. സമയം കുറവായതിനാൽ വിവാഹ വസ്ത്രവും ആഭരണങ്ങളും മേക്കപ്പുമൊക്കെയായി അണിഞ്ഞൊരുങ്ങി ആണ് ക്ലാസിൽ എത്തിയത്. പ്രാക്ടിക്കൽ പരീക്ഷ അയതിനാൾ വെള്ള ലാബ് കോട്ടും സ്റ്റെതസ്കോപ്പും ധരിക്കണം. അതുകൊണ്ട് വിവാഹ വേഷമായ പട്ടുസാരിയോടൊപ്പം വെള്ള കോട്ട് ധരിച്ചാണ് പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിച്ചത് എന്ന് ശ്രീലക്ഷ്മി പറയുന്നു.
ഒന്‍പതു മണിക്ക് പരീക്ഷ പൂർത്തിയാക്കിയ ശേഷം പരീക്ഷ ഹാളിൽ നിന്ന് നേരെ ശ്രീലക്ഷ്മി പോയത് ശ്രീ വൈകുണ്ഠം കല്യാണ മണ്ഡപത്തിലെ കതിർ മണ്ഡപത്തിലേക്കാണ്. കാൺപൂർ ഐഐടിയിൽ റിസർച്ചർ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ് അഖിൽ ബി കൃഷ്ണ. കോളേജിൽ താൻ വിവാഹ വേഷത്തിൽ എത്തിയ ദൃശ്യങ്ങൾ സുഹൃത്തുകളും വെഡ്ഡിംഗ് ഡേയ്സ് ഫോട്ടോഗ്രഫി സംഘവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ആണെന്നും ഇത്രയും വൈറൽ ആകുമെന്ന് പ്രതീക്ഷിച്ചില്ല എന്നും ശ്രീലക്ഷ്മി ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
Read More : 'പ്രിയപ്പെട്ട അമ്മേ, ഈ ദിവസം മോശമായിരുന്നെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു,' ആറുവയസ്സുകാരി അമ്മയോട് പറഞ്ഞത്..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam