
മറ്റൊരാള്‍ക്ക് വിറ്റ യജമാനനെ തേടി വളര്‍ത്തുമൃഗങ്ങള്‍ സഞ്ചരിക്കാറുണ്ടോ? അത്തരത്തില്‍ സഞ്ചരിച്ചാല്‍ തന്നെ അവ എത്ര ദൂരം ഇത്തരത്തില്‍ സഞ്ചരിക്കും? ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരാള്‍ക്ക് വിറ്റ ഒട്ടകം നൂറ് കിലോമീറ്ററിലേറെ അലഞ്ഞ് ആദ്യ യജമാനനെ തേടിയെത്തി. ചൈനയിലെ ബയാന്നൂറിലാണ് സംഭവം.
ഒട്ടകഫാം നടത്തുന്ന ചൈനീസ് ദമ്പതികളാണ് പ്രായമായ ഒട്ടകത്തെ ഒരു കച്ചവടക്കാരന് വിറ്റത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇത്. വടക്കന്‍ ചൈനയിലെ ബയാന്നൂരില്‍ നിന്ന് 107 കിലോമീറ്റര്‍ അകലേയ്ക്കായിരുന്നു ഒട്ടകത്തെ ഇയാള്‍ കൊണ്ടുപോയത്. എന്നാല്‍ പുതിയ സ്ഥലത്ത് നിന്ന് ജൂണ്‍ അവസാനവാരം ഒട്ടകത്തെ കാണാതാവുകയായിരുന്നു. കച്ചവടക്കാരന്‍ ഏറെ അന്വേഷിച്ചെങ്കിലും ഒട്ടകത്തെ കണ്ടെത്താനും സാധിച്ചില്ല.
കഴിഞ്ഞ ദിവസമാണ് ഒരാള്‍ പരിക്കേറ്റ നിലയില്‍ ഈ ഒട്ടകത്തെ കണ്ടെത്തുന്നത്. ഇയാള്‍ ബന്ധപ്പെട്ടത് അനുസരിച്ച് പുതിയ യജമാനനും പഴയ യജമാനനും ഒട്ടകത്തെ തേടിയെത്തുകയായിരുന്നു. ദേശീയ പാതകള്‍ക്കരികിലെ വേലികളില്‍ കുടുങ്ങി പരിക്ക് പറ്റിയും അതീവ അവശനായ നിലയിലുമാണ് ഈ ഒട്ടകമുണ്ടായിരുന്നത്. മരുഭൂമിയിലൂടെ അലഞ്ഞതിന്‍റെ ലക്ഷണം ഒട്ടകത്തിനുണ്ടെന്നാണ് ചൈനീസ് ദമ്പതികള്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
9 മാസം കഴിഞ്ഞും തങ്ങളെ തേടിയെത്തിയ ഒട്ടകത്തെ കച്ചവടക്കാരനില്‍ നിന്നും വില കൊടുത്ത് തിരികെ വാങ്ങി കുടുംബത്തിലെ ഒരംഗമായി കരുതുകയാണ് ചൈനീസ് ദമ്പതികളെന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒട്ടകത്തിന്‍റെ സ്നേഹത്തില്‍ ഏറെ ആശ്ചര്യം തോന്നിയെന്നാണ് ചൈനീല് ദമ്പതികള്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. പരമ്പരാഗത മംഗോളിയന്‍ സ്കാര്‍ഫ് ധരിപ്പിച്ചാണ് ചൈനീസ് ദമ്പതികള്‍ ഒട്ടകത്തെ തിരികെ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam